തിരുവനന്തപുരം: നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് മെയ് അഞ്ച് മുതല്‍ പൊതുജനങ്ങള്‍ക്കായി നിരത്തിലിറങ്ങും. ബസ് കോഴിക്കോട്- ബംഗളൂരു റൂട്ടിലാണ് സര്‍വീസ് നടത്തുക. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. ഗരുഡ പ്രീമിയം എന്ന പേരില്‍ സര്‍വ്വീസ് നടത്താനൊരുങ്ങുന്ന ബസിന്റെ ബുക്കിംഗ് കെഎസ്ആര്‍ടിസിയുടെ വെബ്സൈറ്റില്‍ ആരംഭിച്ചു.
ബസിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ആധുനിക രീതിയിലുള്ള എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. ഫുട് ബോര്‍ഡ് ഉപയോഗിക്കുവാന്‍ കഴിയാത്തവരായ ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയവര്‍ക്ക് ബസിനുള്ളില്‍ കയറുന്നതിനായി പ്രത്യേകം തയ്യാറാക്കിയ, യാത്രക്കാര്‍ക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്.
കൂടാതെ ശുചിമുറി, വാഷ്ബേസിന്‍ തുടങ്ങിയ സൗകര്യങ്ങളും ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കിടയില്‍ വിനോദത്തിനായി ടിവിയും മ്യൂസിക് സിസ്റ്റവും, മൊബൈല്‍ ചാര്‍ജര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ആവശ്യാനുസരണം അവരുടെ ലഗ്ഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവും സൗകര്യവും സജ്ജീകരിച്ചിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
ALSO READ നവകേരള ബസ് നിരത്തിലേക്ക്: കോഴിക്കോട് – ബംഗളുരു റൂട്ടില്‍ സര്‍വീസ്
ബസ് രാവിലെ നാല് മണിക്ക് കോഴിക്കോട് നിന്ന് യാത്ര തിരിച്ച് 11.35ന് ബംഗളൂരുവില്‍ എത്തിച്ചേരും. ഉച്ചയ്ക്ക് 2.30ന് ബംഗളൂരുവില്‍ നിന്ന് തിരിച്ച് ഇതേ റൂട്ടിലൂടെ രാത്രി 10.5ന് കോഴിക്കോട് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍, ബംഗളൂരു (സാറ്റ്ലെറ്റ്, ശാന്തിനഗര്‍ ) എന്നിവയാണ് സ്റ്റോപ്പുകള്‍.