‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കള്‍ക്കെതിരായ കേസ്: പോലീസ് അന്വേഷണം തുടങ്ങി; ബാങ്കുകള്‍ക്ക് നോട്ടീസ് അയച്ചു

കൊച്ചി: മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമായ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കള്‍ക്കെതിരായ വഞ്ചനാ കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സിനിമയുടെ നിര്‍മ്മാണത്തിനായി പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് മരട് പോലീസ് അന്വേഷണം തുടങ്ങിയത്. പരാതിക്കാരനായ സിറാജ് വലിയത്തറയും നിര്‍മ്മാതാക്കളും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ ആവശ്യപ്പെട്ട് ബാങ്കുകള്‍ക്ക് നോട്ടീസ് അയച്ചു. ഏഴ് കോടി രൂപയാണ് സിറാജ് സിനിമ നിര്‍മ്മാണത്തിന് നല്‍കിയതെന്നും ഇതില്‍ അഞ്ച് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ ബാങ്ക് വഴിയാണ് നല്‍കിയതെന്നുമാണ് മൊഴി.

ഈ ഏഴു കോടി സംബന്ധിച്ചുള്ള അന്വേഷണമാണിപ്പോള്‍ ആരംഭിച്ചത്. ഇക്കാര്യം പരിശോധിച്ച ശേഷമാകും സിനിമ നിര്‍മ്മാതാക്കള്‍ക്ക് പോലീസ് നോട്ടീസ് നല്‍കുക. നാല്‍പതു ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കള്‍ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ കബളിപ്പിച്ചതെന്നാണ് അരൂര്‍ സ്വദേശി സിറാജ് വലിയത്തറയുടെ പരാതി. കൂടാതെ ഒടിടി പ്ലാറ്റ്‌ഫോം റൈറ്റ്‌സ് നല്‍കിയതിലൂടെ 20 കോടിയോളം രൂപ വേറെയും ചിത്രം നിര്‍മ്മാതാക്കള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.

എറണാകുളം സബ് കോടതി നിര്‍ദ്ദേശപ്രകാരമാണ് മരട് പോലീസ് നിര്‍മ്മാണ കമ്പനി ഉടമകളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കെതിരെ വിശ്വാസ വഞ്ചന, ഗൂഡാലോചന, വ്യാജരേഖ ചമക്കല്‍ അടക്കമുള്ള വകുപ്പ് ചുമത്തി കേസ് എടുത്തത്. നേരത്തെ പറവ ഫിലിംസിന്റേയും, പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും ബാങ്ക് അക്കൗണ്ടുകള്‍ കോടതി മരവിപ്പിച്ചിരുന്നു. ബാങ്ക് രേഖകള്‍ പരിശോധിച്ച ശേഷം നിര്‍മ്മാതാക്കളെ ചോദ്യം ചെയ്യുന്നതിനായി നോട്ടീസ് നല്‍കുമെന്ന് പോലീസ് വ്യക്തമാക്കി.

Exit mobile version