ലഖ്‌നൗ: യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളിലും അയോധ്യയിലെ രാമക്ഷേത്രത്തിലെ വിഗ്രഹമാതൃക എത്തിക്കാൻ ഒരുങ്ങി കാശിയിലെ ശിൽപിയും എറ്റർബ്ലിസ് ഫൗണ്ടേഷനും. അയോധ്യ രാം ലല്ലയുടെ വിഗ്രഹ മാതൃകയിൽ പുതിയ വിഗ്രഹം നിർമ്മിച്ച് നെതർലാൻഡ്സിലേക്ക് കൊണ്ടുപോകാൻ ഒരുക്കങ്ങൾ പൂർത്തിയായി. നെതർലാൻഡ്സിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനായാണ് വിഗ്രഹം നിർമ്മിച്ചത്. നെതർലാൻഡ്സിലേക്കുള്ള യാത്രയ്ക്ക് മുമ്പ് വിഗ്രഹം പൂജകൾക്കായി അയോധ്യയിൽ എത്തിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കാശിയിലെ കനയ്യ ലാൽ ശർമ്മയെന്നയാളാണ് ശിൽപി. എറ്റർബ്ലിസ് ഫൗണ്ടേഷൻ എന്ന സംഘടനയാണ് വിഗ്രഹ നിർമ്മിച്ച് വിദേശത്തക്ക് കൊണ്ടുപോകുന്നത്. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും രാംലല്ലയുടെ വിഗ്രഹങ്ങൾ സ്ഥാപിക്കാനാണ് ഫൗണ്ടേഷന്റെ പദ്ധതി. ആംസ്റ്റർഡാമിലെ ഹനുമാൻ ക്ഷേത്രത്തിൽ രാം ലല്ലയുടെ വിഗ്രഹം സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കൃത്യമായ പകർപ്പ് ഉറപ്പാക്കാൻ, അയോധ്യയിൽ പ്രതിഷ്ഠിച്ച വിഗ്രഹത്തിന് ഉപയോഗിച്ച അതേ മെറ്റീരിയൽ തന്നെയാണ് തെരഞ്ഞെടുത്തതെന്ന് ഫൗണ്ടേഷൻ ഡയറക്ടർ രാഹുൽ മുഖർജി പറഞ്ഞു.
യൂറോപ്പിൽ കൂടുതൽ ക്ഷേത്രങ്ങൾ സ്ഥാപിക്കാനും വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാനും ഫൗണ്ടേഷൻ തീരുമാനിച്ചിട്ടുണ്ട്. ആംസ്റ്റർഡാമിന് ശേഷം, ബ്രസൽസ് (ബെൽജിയം), ജർമ്മനി, ഫ്രാൻസ്, യൂറോപ്പിന്റെ മറ്റ് ഭാഗങ്ങൾ, കൂടാതെ തെക്കേ അമേരിക്കൻ രാജ്യങ്ങളിലും ശ്രീരാമ വിഗ്രഹങ്ങൾ സ്ഥാപിക്കാനാണ് പദ്ധതിയെന്ന് രാഹുൽ മുഖർജി പറഞ്ഞു.