കോട്ടയം: യുഡിഎഫ് ജില്ലാ ചെയര്മാന് സ്ഥാനത്ത് നിന്നുള്ള സജി മഞ്ഞക്കടമ്പന്റെ രാജി പിന്‍വലിപ്പിക്കുന്നതിനുള്ള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ശ്രമം പരാജയം. യുഡിഎഫിലേക്ക് തിരിച്ചു പോകില്ലെന്ന സൂചന നല്കി കോട്ടയം ജില്ല യുഡിഎഫ് ചെയര്മാന് സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പില്‍. മോന്‍സ് ജോസഫ് ഉള്ള പാര്‍ട്ടിയിലോ മുന്നണിയിലോ ഇനി താനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മഞ്ഞക്കടമ്പില്‍.
കഴിഞ്ഞ ദിവസമാണ് സജി മഞ്ഞക്കടമ്പില്‍ കോട്ടയം യുഡിഎഫ് ജില്ലാ ചെയര്മാന് സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവച്ചത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കുന്നില്ലെന്നായിരുന്നു സജിയുടെ പരാതി.
പ്രശ്നം പരിഹരിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കേരള കോണ്‍ഗ്രസ് ചെയര്മാന് പിജെ ജോസഫും ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പ്രശ്നങ്ങള്‍ക്ക് നില്‍ക്കാതെ സജി മഞ്ഞക്കടമ്പനെ അനുനയിപ്പിച്ചുതന്നെ നിര്‍ത്തണമെന്ന നിലപാടാണ് മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്. അതേസമയം, മഞ്ഞക്കടമ്പനെ തിരിച്ചെടുക്കുന്നത് നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കണമെന്ന നിലപാടില്‍ മോന്‍സ് ജോസഫ് എംഎല്‍എയും ഉറച്ചു നില്ക്കുന്നു.
യുഡിഎഫ് ചെയര്‍മാന്റെ രാജിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കോട്ടയത്ത് ചേര്‍ന്ന യുഡിഎഫ് ജില്ലാ യോഗത്തില്‍ കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയായി. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മൂര്ധന്യാവസ്ഥയില് നില്‍ക്കെ കേരള കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറി മുന്നണിയെ സാരമായി ബാധിച്ചെന്ന വിലയിരുത്തല്‍ യോഗത്തിലുണ്ടായി.
പ്രശ്നങ്ങള്‍ വഷളാകാകെ ശ്രദ്ധിക്കുന്നതില്‍ മോന്‍സ് ജോസഫിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച ഉണ്ടായതായി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മുന്നണിയ്ക്ക് മോശമായത് സംഭവിച്ചു. ഇനിയെങ്കിലും പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകാതെ സൂക്ഷിക്കണം എന്ന വികാരമാണ് യോഗത്തില്‍ ഉണ്ടായത്. മോന്‍സ് ജോസഫിന്റെ കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിന് ഇനി സജി മഞ്ഞക്കടമ്പന്റെ മറുപടി ഉണ്ടാകുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. അങ്ങനുണ്ടായാല് അനവസരത്തില്‍ പത്രസമ്മേളനം നടത്തിയ മോന്‍സ് ജോസഫ് തന്നെയാകും അതിന് ഉത്തരവാദിത്വം എന്ന വിമര്‍ശനം യോഗത്തിലുണ്ടായി.
സജി രാജിവെച്ച ഒഴിവില്‍ മുന്‍ ചെയര്‍മാനായ ഇ.ജെ ആഗസ്തിയെ വീണ്ടും യുഡിഫ് ജില്ലാ ചെയര്‍മാനായി നിയമിച്ചിരുന്നു. അതിനിടെ സജി മഞ്ഞക്കടമ്പനെ അനുകൂലിക്കുന്ന വിഭാഗം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നത് യുഡിഎഫിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.
സജി രാജിവച്ച ശനിയാഴ്ച എലിക്കുളം പഞ്ചായത്തില്‍ നിന്നും രാമപുരത്തേയ്ക്ക് നടത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ റോഡ് ഷോയില്‍ ഇത് ദൃശ്യവുമായിരുന്നു. റോഡ് ഷോയില്‍ വാഹനങ്ങള്‍ പോലും ശുഷ്കമായിരുന്നു. സജിയുടെ സ്വന്തം പഞ്ചായത്തായ കരൂര്‍ പഞ്ചായത്ത് മേഖലയില്‍ പ്രവര്‍ത്തക പങ്കാളിത്തം കോണ്‍ഗ്രസിന്റെ അണികളില്‍ ഒതുങ്ങി.
Discussion about this post