ആ ഹൃദയമാണ് റഹ്‌മാന്‍ തുറന്നത്; ആ ബ്ലെസ്സിംഗാണ് ബ്ലെസ്സി നല്‍കിയത്, ആ സ്‌നേഹമാണ് ഖദീജ അയച്ചത്; ‘പേരിയോനേ’ പാടി ഹൃദയങ്ങള്‍ കീഴടക്കിയ മീര

മഞ്ചേരി: ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് മഞ്ചേരിയിലെ മീര. ആരും അലിഞ്ഞ് പോകുന്ന ശബ്ദത്തില്‍ആട് ജീവിതത്തിലെ പെരിയോനെ പാട്ട് പാടി മീര കീഴടക്കിയത് ഹൃദയങ്ങളാണ്. എആര്‍ റഹ്‌മാന്‍ തന്നെ മീരയുടെ പാട്ട് സ്റ്റോറിയാക്കിയതോടെയാണ് മീര വൈറലായത്. മാത്രമല്ല മോള്‍ മനോഹരമായി പാടി എന്ന് റഹ്‌മാന്‍ മെസേജും അയച്ചു. ആ സന്തോഷം മാത്രമല്ല റഹ്‌മാന്റെ മകള്‍ ഖദീജയും മീര പാടിയ ഈ പാട്ടിന് താഴെ കമന്റ് ചെയ്തു. കഴിഞ്ഞ ദിവസം ബ്ലെസിയും മീരയെ നേരില്‍ കണ്ട് അഭിനന്ദിച്ചിരുന്നു. മമ്പാട് എം ഇ എസ് കോളേജിലെ ഒന്നാംവര്‍ഷ സുവോളജി വിദ്യാര്‍ത്ഥിനിയാണ് മീര.

അതേസമയം, കഴിഞ്ഞയാഴ്ചയാണ് നടനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെ നര്‍ത്തകി സത്യഭാമ അധിക്ഷേപിച്ച സംഭവമുണ്ടായത്. വിഷയത്തെയും മീരയ്ക്ക് ലഭിച്ച അഭിനന്ദനങ്ങളെയും ചേര്‍ത്തുള്ള ഒരു കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.

ബ്ലെസ്സിയുടെ
ബ്ലെസ്സിംഗ് !
കലയ്ക്ക് നിറമുണ്ടെന്ന് പറഞ്ഞൊരു സ്ത്രീ ഒരു മനുഷ്യനെ ആവര്‍ത്തിച്ചിങ്ങനെ അധിക്ഷേപിച്ച് കൊണ്ടിരുന്നപ്പോള്‍; മനസ്സാക്ഷിയുള്ള മലയാളി മനുഷ്യരെല്ലാം
ആ പെണ്ണിന്റെ വര്‍ത്താനത്തെയെതിര്‍ത്തിട്ടും അവരാ വര്‍ത്താനത്തില്‍ ഉറച്ചു നിന്നത് കണ്ട് മനസ്സിങ്ങനെ ചുട്ട് പഴുത്ത് നില്‍ക്കുന്നതിന്നിടയിലേക്കാണ്
മണ്ണില്‍ പുതുമഴ വീഴുന്നതിന്റെ കുളിര് പോലെ ലോകം കണ്ട ഏറ്റവും വലിയ കലാകാരന്മാരിലൊരാള്‍ മലയാളികളുടെ മനസ്സിലേക്കിങ്ങനെ പെയ്തിറങ്ങിയത് ;
മഞ്ചേരിക്കാരിയായ മീരയുടെ @me_e_ra_.e
ഹൃദയം കവരുന്ന ശബ്ദത്തില്‍ ആടുജീവിതത്തിലെ ‘പേരിയോനേ’ വിളിയിങ്ങനെ എ.ആറിന്റെ കാതുകളിലെത്തുമ്പോള്‍ സത്യഭാമയെപ്പോലെ നിറം പറഞ്ഞുള്ള മസില് പിടുത്തമായിരുന്നില്ല റഹ്‌മാന് !
കലക്ക് ജാതിയും മതവും നിറവുമൊന്നുമിലഇഷ്ടത്തിന്റെ സന്ദേശവാഹകായയി റഹ്‌മാന്റെ മകള്‍ ഖദീജ മീരക്കെഴുതിയത് ‘സുന്ദര ശബ്ദം’ എന്ന്.

തുടര്‍ന്ന് മലയാളത്തിലെ പ്രമുഖരെല്ലാം വീഡിയോ പങ്കുവെച്ചു; ചാനലായ ചാനലെല്ലാം മഞ്ചേരിയിലെ പയ്യാനാടെത്തി; ഏറ്റവും തിരക്കുപിടിച്ച സമയത്തും ആടുജീവിതത്തിന്റെ സംവിധായകന്‍ ബ്ലെസ്സിയുടെ ‘ബ്ലെസ്സിംഗും’ മീരയെത്തേടിയെത്തി. എറണാകുളത്ത് പ്രത്യേകം കൂടിക്കാഴ്ച്ചയൊരുക്കിയ ബ്ലെസ്സിക്കു മുന്നിലും മീര പാട്ടുപാടി.

ലക്ഷക്കണക്കിന് പേരാണ് രണ്ടോ മൂന്നോ ദിവസം കൊണ്ട് മീരയുടെ ഇന്‍സ്റ്റഗ്രാം പിന്തുണച്ചത്. അതിലും കൂടുതല്‍ പേരാണ് ഹൃദയത്തിലേറുന്ന ആ സുന്ദരശബ്ദത്തില്‍ പാട്ടിങ്ങനെ കേട്ടിരുന്നത്.
കൂട്ടിക്കുഴച്ച് പറയുകയല്ല; കലക്ക് നിറമുണ്ടെന്ന് പറയുന്ന സത്യഭാമമാര്‍ കാണുക – കലാകാരിയോ കലാകാരനോ എന്നത് ഒരു ‘കലാഹൃദയം’ ഉണ്ടാകുമ്പോഴാണ്.
കലാഹൃദയമെന്നാല്‍
തോളോട് തോള്‍ ചേരുന്ന; മനസ്സ് തുറന്ന് സ്‌നേഹിക്കുന്ന; കഴിവിനെ പരസ്പരം അംഗീകരിക്കുന്ന അഹങ്കാരം ലവലേശമില്ലാത്ത ഒന്നായിരിക്കും..
ആ ഹൃദയമാണ് റഹ്‌മാന്‍ തുറന്നത്;
ആ ബ്ലെസ്സിംഗാണ് ബ്ലെസ്സി നല്‍കിയത്;
ആ സ്‌നേഹമാണ് ഖദീജ അയച്ചത്;
ആ വരികളാണ് മീര പാടിയത്;
ആ കലാഹൃദയങ്ങളാണ് മീരയെ വാനോളമുയര്‍ത്തിയത്..
വൈകാതെ എ.ആര്‍.റഹ്‌മാന്‍ മുന്നിലും നേരിട്ടെത്തട്ടേയെന്ന് മീരക്ക് ആശംസകള്‍ നേരുന്നു.
– സദറു.

Exit mobile version