തൃശ്ശൂര്‍: കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ മോഹിനിയാട്ടം നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ പിന്തുണച്ച് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. മോഹിനിയാട്ടം കലാകാരന്‍ ആര്‍എല്‍വി രാമകൃഷ്ണനെ കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷണിച്ചിരിക്കുകയാണ് സുരേഷ് ഗോപി.
രാമകൃഷ്ണന് കുടുംബ ക്ഷേത്രത്തിലെ ഉത്സവത്തിന് വേദി ഒരുക്കി നല്‍കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. പ്രതിഫലം നല്‍കിയാണ് രാമകൃഷ്ണനെ പരിപാടിക്ക് വിളിക്കുന്നതെന്നും വിവാദത്തില്‍ കക്ഷി ചേരാനില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരായ വികാരത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ വിവാദങ്ങളെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, സുരേഷ് ഗോപി വേദി നല്‍കുമെന്ന് പറഞ്ഞതില്‍ സന്തോഷമെന്നും സ്വീകരിക്കുന്നുവെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. ചേട്ടന്‍ മരിച്ച ശേഷം സിനിമക്കാരുടെ ശ്രദ്ധ ലഭിക്കാന്‍ ഇത്രയും കാലം വേണ്ടി വന്നുവെന്നും സ്ഥിരം ജോലി എന്ന ആഗ്രഹം ഇപ്പോഴില്ലെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.
കൊല്ലം ഭരണിക്കാവ് കുടുംബക്ഷേത്രത്തില്‍ 28-ന് നടക്കുന്ന ക്ഷേത്രോത്സവത്തില്‍ തന്റെ ദേവിയ്ക്കുമുന്നില്‍ ഒറ്റയ്‌ക്കെത്തി മോഹിനിയാട്ടം അവതരിപ്പിക്കാമോ എന്നായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം. രാമകൃഷ്ണന്‍ സമ്മതവും അറിയിച്ചു. രാമകൃഷ്ണനെ ഫോണില്‍ വിളിച്ചായിരുന്നു സുരേഷ് ഗോപിയുടെ ക്ഷണം.
‘എന്റെ നവോത്ഥാന പ്രവര്‍ത്തനം ഇങ്ങനെയാണ്. അല്ലാതെ സാമൂഹിക വിമര്‍ശനത്തിന് വേണ്ടി ജീവിക്കുന്ന ആളുകളുടെ കൂടെ അണിനിരക്കാന്‍ പറ്റില്ല. അവരൊക്കെ എപ്പൊ തിരിഞ്ഞുകുത്തുമെന്ന് പറയാന്‍ പറ്റില്ല’, സുരേഷ് ഗോപി രാമകൃഷ്ണനോട് പറഞ്ഞു. പ്രതിഫലം നല്‍കിയാണ് രാമകൃഷ്ണന് വേദി നല്‍കുകയെന്നും എന്നാല്‍ വിവാദത്തില്‍ കക്ഷി ചേരാനില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.