മുംബൈ: മഹാരാഷ്ട്രയില്‍ ജില്ലകളുടെയും റെയില്‍വേ സ്‌റ്റേഷന്റെയും പേരുകള്‍ മാറ്റാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. പേരുകള്‍ ബ്രിട്ടീഷ് കാലത്ത് നല്‍കിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അഹമ്മദ്നഗര്‍ ജില്ലയുടെ പേര് അഹല്യനഗര്‍ എന്ന് മാറ്റി. ഇതോടെ സമീപകാലത്ത് പേരുമാറ്റുന്ന മൂന്നാമത്തെ ജില്ലയായി അഹമ്മദ്നഗര്‍. നേരത്തേ ഔറംഗബാദിനെ ഛത്രപതി സാംബാജിനഗര്‍ എന്നും ഉസ്മാനാബാദിനെ ധാരാശിവ് എന്നും പേരുമാറ്റിയിരുന്നു. എട്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റാനുള്ള തീരുമാനമായി.
8 സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. മുംബൈ സെന്‍ട്രല്‍ സ്റ്റേഷന്റെ പേര് ശ്രീ ജഗന്നാഥ് ശങ്കര്‍ സേത് എന്നാകും. മറൈന്‍ ലൈന്‍ സ്റ്റേഷന്റെ പേര് മുംബൈ ദേവി സ്റ്റേഷന്‍ എന്നാക്കി.
പേരുമാറ്റം ഏറെക്കാലമായി ബിജെപിയുടെ ആവശ്യമായിരുന്നു. മറാത്ത സാമ്രാജ്യത്തിന്റെ പാരമ്പര്യ രാജ്ഞിയായ അഹല്യ ഭായ് ഹോള്‍ക്കര്‍ ജനിച്ചത് അഹമ്മദ് നഗര്‍ ജില്ലയിലാണെന്നും അതുകൊണ്ട് ജില്ലക്ക് അഹല്യയുടെ പേര് നല്‍കണം എന്നുമായിരുന്നു ബിജെപിയുടെ ആവശ്യം. അഹമ്മദ്‌നഗറിന്റെ പേര് മാറ്റണമെന്ന ആവശ്യം ശക്തരായ ധന്‍ഗര്‍ സമുദായത്തെ പ്രതിനിധീകരിച്ച് ബിജെപി നേതാവും എംഎല്‍സിയുമായ ഗോപിചന്ദ് പദാല്‍ക്കറാണ് ഉന്നയിച്ചത്. അഹല്യഭായ് ഹോള്‍ക്കറും അവരുടെ അമ്മായിയപ്പന്‍ മല്‍ഹറാവു ഹോല്‍ക്കറും ഈ ഇടയ സമുദായത്തില്‍ നിന്നുള്ളവരായതിനാല്‍ ധന്‍ഗര്‍ സമൂഹത്തിന്റെ ഹൃദയത്തില്‍ അവര്‍ക്ക് പ്രത്യേക സ്ഥാനമുണ്ടെന്ന് ഗോപിചന്ദ് പദാല്‍ക്കര്‍ പറഞ്ഞിരുന്നു. ബിജെപിയുടെ ആവശ്യം പരിഗണിച്ചാണ് പേരുമാറ്റം.