ബിഹാര്‍: പരീക്ഷയ്ക്കിടെ വിദ്യാര്‍ഥികള്‍ ഒപ്പിക്കുന്ന പല തമാശകളും സോഷ്യലിടത്ത് വൈറലാകാറുണ്ട്. ബിഹാറിലെ പത്താം ക്ലാസ് പരീക്ഷയിലെ ഒരു ഉത്തരക്കടലാസിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നത്. വികാരഭരിതമായ അപേക്ഷയായിരുന്നു വിദ്യാര്‍ഥിനി തന്റെ ഉത്തകടലാസില്‍ കുറിച്ചത്. തന്നെ പരീക്ഷയില്‍ ജയിപ്പിക്കണം, തോറ്റാല്‍ പിതാവ് തന്നെ വിവാഹം കഴിപ്പിക്കും എന്നായിരുന്നു കുറിപ്പിന്റെ ഉള്ളടക്കം. ബിഹാര്‍ പത്താംക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയം നടത്തുന്ന അറാ മോഡല്‍ സ്‌കൂളില്‍ നിന്നാണ് ഉത്തരക്കടലാസിന്റെ ചിത്രം പുറത്താവുന്നത്.
വിദ്യാര്‍ഥിനിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം- ”എന്റെ അച്ഛന്‍ ഒരു കര്‍ഷകനാണ്. വിദ്യാഭ്യാസത്തിനായി പണംമുടക്കുന്നത് ഞങ്ങളുടെ കുടുംബത്തിന് വളരേ ബുദ്ധിമുട്ടാണ്, അതുകൊണ്ട് പഠിപ്പിക്കാന്‍ അച്ഛന് വലിയ താല്‍പര്യമില്ല. നല്ല മാര്‍ക്ക് വാങ്ങിയില്ലെങ്കില്‍ എന്നെ കല്യാണം കഴിപ്പിച്ചയക്കുമെന്നാണ് അച്ഛന്‍ പറഞ്ഞിരിക്കുന്നത്. ഞാന്‍ ഒരു പാവപ്പെട്ട കുടുംബത്തില്‍ പെണ്‍കുട്ടിയാണ്’ എന്നാണ് വിദ്യാര്‍ഥിനി ഉത്തരപേപ്പറില്‍ കുറിച്ചത്.
ഉത്തരങ്ങളെഴുതാത്ത കുട്ടികളെ ജയിപ്പിക്കാന്‍ യാതൊരു നിര്‍വാഹവുമില്ലെന്ന് മൂല്യനിര്‍ണയത്തില്‍ പങ്കെടുത്ത അധ്യാപിക വ്യക്തമാക്കി. ഉത്തരങ്ങള്‍ക്കാണ് മാര്‍ക്ക്, അപേക്ഷകള്‍ക്ക് പൂജ്യം മാര്‍ക്കാണ് നല്‍കുകയെന്നും അധ്യാപിക പറഞ്ഞു. ഫെബ്രുവരി 15 മുതല്‍ 23 വരേയായിരുന്നു ബിഹാറിലെ പത്താംക്ലാസ് പരീക്ഷകള്‍.