സാഹിത്യകാരനും സിനിമാപ്രവർത്തകനുമായ ബി ജയമോഹൻ മലയാളികളേയും മലയാള സിനിമയേയും അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരിച്ച് ജി സുരേഷ്‌കുമാർ. ജയമോഹന്റെ വിമർശനം സംഘപരിവാറിന്റെ തലയിൽ വയ്ക്കേണ്ടെന്നു കേരള ഫിലിം ചേംബർ മുൻ അധ്യക്ഷനും നിർമാതാവുമായ സുരേഷ് കുമാർ പറഞ്ഞു.
ജയമോഹൻ പറഞ്ഞത് തെമ്മാടിത്തരമാണ്. സംഘപരിവാറിന്റെ അഭിപ്രായമല്ല അയാൾ പറഞ്ഞത്. തമിഴ് സിനിമയെക്കുറിച്ച് ജയമോഹൻ ഇങ്ങനെ പറയുമോ. തമിഴ് സിനിമയിലാകെ മദ്യപാനികളാണെന്നു പറഞ്ഞാൽ ജയമോഹനെ തൂക്കിയെടുത്ത് കളിയിക്കാവിളയിൽ കൊണ്ടിടുമെന്നാണ് സുരേഷ് കുമാർ പറഞ്ഞത്.
ഒന്നോ രണ്ടോ മലയാള സിനിമ ചെയ്തിട്ടുള്ള ജയമോഹന് മലയാള സിനിമയെ വിലയിരുത്താൻ അർഹതയില്ല. നമ്മുടെ ചെറുപ്പക്കാർ ഉണ്ടാക്കുന്ന സിനിമകൾ കണ്ടു രാജ്യം ഞെട്ടിയിരിക്കുമ്പോഴാണ് ചെറുതാക്കി കാണിക്കാനുള്ള ഈ ശ്രമം.തമിഴ് നാട്ടിലാരും മദ്യപിക്കാറില്ലേ? അങ്ങനെയെങ്കിൽ അവിടത്തെ ടാസ്മാക്കുകൾ പൂട്ടാൻ പറയണമെന്നും സുരേഷ് കുമാർ പ്രതികരിച്ചു.
ജയമോഹന്റെ വാക്കുകൾ അനുചിതവും തരംതാണതും ആണെന്നാണ് സംവിധായകൻ പ്രിയദർശൻ പറഞ്ഞത്. ആത്മസൗഹൃദത്തിന്റെ സംഘഗാനം ആലപിച്ച കുട്ടികളെ ‘പെറുക്കികൾ’ എന്നു വിളിച്ചത് കഷ്ടമായെന്നാണ് പ്രിയദർശൻ പറഞ്ഞത്.
Discussion about this post