കണ്ണൂര്‍: കാട്ടാനകള്‍ കൂട്ടത്തോടെ ജനവാസമേഖലയിലിറങ്ങിയതോടെ ഭീതിയിലായിരിക്കുകയാണ് കണ്ണൂരിലെ മണിക്കടവ് ഗ്രാമം. കര്‍ണാടക വനത്തോട് ചേര്‍ന്ന് സോളാര്‍ വേലി ഇല്ലാത്തതാണ് ഇവിടേക്ക് ആനകളിറങ്ങാന്‍ കാരണമാകുന്നത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കര്‍ണാടക വനത്തില്‍ നിന്നും ഉളിക്കല്‍ ടൗണിലെത്തിയ ആനയാണ് ഒരാളെ കൊന്നത്. ആനക്കൂട്ടം രാത്രികാലങ്ങളില്‍ തോട്ടങ്ങളില്‍ തമ്പടിക്കുന്നതിനാല്‍ വ്യാപകമായ കൃഷിനാശവും ഉണ്ടായിരിക്കുകയാണ്.
വേലി ഉടന്‍ സ്ഥാപിക്കുമെന്ന് വനം വകുപ്പ് ഉറപ്പ് നല്‍കിയെങ്കിലും ഇതുവരേയും സ്ഥാപിച്ചിട്ടില്ല. അതിനാല്‍ ചക്കയും കശുമാങ്ങയും തേടി ആനക്കൂട്ടം നാട്ടിലേക്ക് എത്തുന്നതും കൃഷിനാശം സംഭവിക്കുന്നതും പതിവായിരിക്കുകയാണ്.
ആഴ്ചകളായി നാട്ടില്‍ ഇതാണ് അവസ്ഥ. ആനകളെത്തുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. നാട്ടില്‍ കശുമാങ്ങ പഴുത്തതോടെയാണ് കാട്ടാനകളുടെ വരവ് കൂടിയത്. ഇതോടെ ഭീതിയിലായിരിക്കുകയാണ് നാട്.