ഹൈദരാബാദ്: അധികാരത്തിലേറിയ ഉടൻതന്നെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ തെലങ്കാനയിലെ രേവന്ത് റെഡ്ഡി സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച രണ്ട് ക്ഷേമപദ്ധതികള്‍ കൂടി നടപ്പിലാക്കി. സ്ത്രീകള്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍ നല്‍കുന്ന മഹാലക്ഷ്മി പദ്ധതിയും ഒരു മാസം ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്ന ഗൃഹജ്യോതി പദ്ധതിയും നിലവില്‍ വന്നു.
40 ലക്ഷം സ്ത്രീകള്‍ക്ക് മഹാലക്ഷ്മി സ്‌കീമിന്റെ ഗുണഫലം ലഭിക്കും. വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ഗുണഫലം ലഭിക്കുക. ഡിസംബര്‍ 28 നും ജനുവരി 6 നും ഇടയില്‍ നടന്ന പ്രജാപാലനത്തില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് റീഫില്ലിന് 500 രൂപ നിരക്കില്‍ എല്‍പിജി ഗാര്‍ഹിക സിലിണ്ടര്‍ വിതരണം ചെയ്യുക.
സ്ത്രീ ശാക്തീകരണം, പുക രഹിത പാചകം എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ തുക മുന്‍കൂറായി ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്ക് (ഒഎംസി) പ്രതിമാസം കൈമാറും. അര്‍ഹരായവര്‍ക്കെല്ലാം പദ്ധതിയുടെ ഗുണഫലം ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി.
ഗൃഹജ്യോതി പദ്ധതിയിലെ അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും മാര്‍ച്ച് ആദ്യവാരം മുതല്‍ ‘സീറോ’ വൈദ്യുതി ബില്ലുകള്‍ വിതരണം ചെയ്യും. തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആറ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്. ടിഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര എന്ന വാഗ്ദാനം ഇതിനകം സര്‍ക്കാര്‍ നടപ്പിലാക്കി. ആരോഗ്യശ്രീ പദ്ധതിയുടെ പരിധി 5 ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയായി ഉയര്‍ത്തുകയും ചെയ്തു.