മുംബൈ: തൊലിവെളുക്കാന്‍ ഹെര്‍ബല്‍ ക്രീമുകള്‍ തേച്ചതിനെ തുടര്‍ന്ന് രണ്ടുപേരുടെ വൃക്ക തകരാറിലായതായതായി റിപ്പോര്‍ട്ട്. നവി മുംബൈയിലെ മെഡികോവര്‍ ആശുപത്രിയിലാണ് ഇതുസംബന്ധിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലും ഇവയുടെ ഉപയോഗം വൃക്കരോഗത്തിലേക്കു നയിച്ചതിനേക്കുറിച്ചുള്ള വാർത്തകൾ നേരത്തെ വന്നിരുന്നു. മെമ്പ്രനസ് നെഫ്രോപ്പതി എന്ന അപൂര്‍വവൃക്കരോഗം സ്ഥിരീകരിച്ച രണ്ടുപേരിലാണ് പരിശോധനകള്‍ക്കൊടുവില്‍ ഫെയര്‍നസ് ക്രീമാണ് വില്ലനെന്നു തെളിഞ്ഞത്.
ഇരുപത്തിനാലുകാരിയിലും അമ്പത്തിയാറുകാരനിലുമാണ് തൊലിവെളുക്കാന്‍ ഉയര്‍ന്ന അളവില്‍ ലോഹമൂലകങ്ങള്‍ അടങ്ങിയ ഹെര്‍ബല്‍ ക്രീമുകള്‍ ഉപയോഗിച്ചത് കാരണം വൃക്ക തകരാറിലായത്. വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീന്‍ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് മെമ്പ്രനസ് നെഫ്രോപ്പതി.
ചികിത്സയ്ക്കിടെ ഇരുവരുടേയും രക്തപ്രവാഹത്തില്‍ മെര്‍ക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയതിനു പിന്നാലെയാണ് ഡോക്ടര്‍മാര്‍ക്ക് സംശയമായത്. നിറം വെളുപ്പിക്കുന്ന വസ്തുക്കളില്‍ പലതിലും മെര്‍ക്കുറി ഉള്‍പ്പെടെയുള്ള ടോക്‌സിക് മെറ്റലുകളുടെ സാന്നിധ്യമുണ്ട്. ഡോക്ടര്‍ നിര്‍ദേശിച്ചപ്രകാരമാണ് ഇരുപത്തിനാലുകാരിയായ യുവതി എട്ടുമാസത്തോളം ഈ ഹെര്‍ബല്‍ ക്രീം ഉപയോഗിച്ചത്. അമ്പത്തിയാറുകാരന്‍ ഒരു ബാര്‍ബര്‍ നിര്‍ശിച്ച പ്രകാരമാണ് മൂന്നുമാസത്തോളമായി ക്രീം ഉപയോഗിച്ചുവന്നത്. ഇരു ക്രീമുകളിലും ഹെര്‍ബല്‍ ഘടകങ്ങളേക്കുറിച്ച് മാത്രമാണ് പരാമര്‍ശിച്ചിരുന്നത്.
അതേസമയം, ചികിത്സയ്‌ക്കൊടുവില്‍ ഇരുവരിലേയും മൂത്രത്തിലെ പ്രോട്ടീന്റെ അളവ് കുറയുകയും വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടുകയുമായിരുന്നു. ഇരുവരും തക്കസമയത്ത് ആശുപത്രിയിലെത്തിയതാണ് ഗുണംചെയ്തതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Discussion about this post