തിരുവനന്തപുരം: വീട്ടിൽവെച്ചു നടന്ന പ്രസവത്തിനിടെ യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ അക്യുപങ്ചർ ചികിത്സ നൽകിയയാൾ അറസ്റ്റിലായി. ഹിഷാബുദ്ദീൻ എന്നയാളെയാണ് പോലീസ് പിടികൂടിയത്. എറണാകുളത്തുനിന്നാണ് ഇയാളെ പിടികൂടിയതെന്നു നേമം പോലീസ് അറിയിച്ചു.
ആധുനിക ചികിത്സ തേടാതെ ഗർഭിണിയായ യുവതിയെ വീട്ടിലെ ചികിത്സയ്ക്ക് നിർബന്ധിച്ചതിന് യുവതിയുടെ ഭർത്താവ് പൂന്തുറ പള്ളിത്തെരുവിൽ നയാസ് (47) നേരത്തെ പിടിയിലായിരുന്നു. പാലക്കാട് തിരുമിറ്റക്കോട് പുത്തൻപീടികയിൽ ഷമീറ ബീവിയും (36) നവജാത ശിശുവുമാണു നേമം കാരയ്ക്കാമണ്ഡപത്തെ വാടകവീട്ടിൽ മരണപ്പെട്ടത്.
ആശുപത്രിയിൽ കൊണ്ടുപോകാതെ ഷമീറയ്ക്ക് അക്യുപങ്ചർ ചികിത്സയാണു താൻ നൽകിയിരുന്നതെന്നു നയാസ് പോലീസിനോടു വെളിപ്പെചുത്തിയിരുന്നു. സംഭവസമയത്ത് നയാസിന്റെ ആദ്യഭാര്യയും മകളുമാണു ഷമീറയ്ക്ക് ഒപ്പമുണ്ടായിരുന്നത്. ആദ്യഭാര്യയുടെ മകൾ അക്യുപങ്ചർ വിദ്യാർത്ഥിയാണ്.
യുവതിക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കാത്തതിനെ തുടർന്നാണു മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടാകും എന്നാണു പോലീസ് കരുതുന്നത്. ഷമീറയുടെ നാലാമത്തെ പ്രസവമായിരുന്നു ഇത്. മുൻപത്തെ മൂന്നു പ്രസവവും സിസേറിയനായിരുന്നു.
Discussion about this post