കൊച്ചി: ആദ്യ രാത്രിയില്‍ തന്നെ ആണ്‍കുട്ടിയുണ്ടാകാന്‍ ഏത് രീതിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് നിര്‍ദേശിക്കുന്ന കുറിപ്പ് നല്‍കിയെന്ന് ആരോപിച്ച് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ യുവതി ഹൈക്കോടതിയില്‍. കൊല്ലം സ്വദേശിനിയായ 39-കാരിയാണ് പരാതിക്കാരി.
2012 ഏപ്രില്‍ 12-നായിരുന്നു മുവാറ്റുപുഴ സ്വദേശിയും കൊല്ലം സ്വദേശിനിയും തമ്മിലുള്ള വിവാഹം. ആണ്‍കുട്ടിയുണ്ടാകാന്‍ ഏത് രീതിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് വിശദീകരിക്കുന്ന കുറിപ്പ് വിവാഹം കഴിഞ്ഞ ദിവസം വൈകീട്ടുതന്നെ ഭര്‍ത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളും ചേര്‍ന്ന് തനിക്ക് തന്നെന്ന് യുവതി പറയുന്നു. ഇംഗ്ലീഷ് മാസികയില്‍ വന്ന കുറിപ്പ് മലയാളത്തിലേക്ക് മാറ്റിയാണ് നല്‍കിയതെന്നും അവര്‍ വ്യക്തമാക്കുന്നു.
പെണ്‍കുട്ടി സാമ്പത്തിക ബാധ്യതയാകുമെന്നതിനാല്‍ കുറിപ്പിലെ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ഭര്‍ത്താവും കുടുംബവും നിര്‍ബന്ധിച്ചതായി ഹര്‍ജിയില്‍ പറയുന്നു. ഭര്‍ത്താവുമൊത്ത് ലണ്ടനിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍, 2014-ല്‍ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഹര്‍ജിക്കാരി നാട്ടിലേക്ക് മടങ്ങി. 2014-ല്‍ യുവതി പെണ്‍കുട്ടിക്ക് ജന്മം നല്‍കിയതോടെ ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും ഉപദ്രവം വര്‍ധിച്ചു. ഇതിന് പിന്നാലെ ഇവര്‍ കൊല്ലത്തെ കുടുംബക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. അഡ്വ.വി. ജോണ്‍ മാണിയാണ് ഹര്‍ജിക്കാരിക്ക് വേണ്ടി ഹാജരായത്.
ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം വിലക്കുന്ന നിയമപ്രകാരം ഇത്തരത്തില്‍ നിര്‍ദേശം നല്‍കുന്നവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാനാകും. വിഷയത്തില്‍ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള പ്രീ നേറ്റല്‍ ഡയഗ്‌നോസ്റ്റിക് ഡിവിഷന്‍ അഡീഷണല് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന്റെ കുടുംബം നല്‍കിയ കുറിപ്പും ഇത് തയ്യാറാക്കിയത് ഭര്‍ത്താവിന്റെ പിതാവാണെന്ന് തെളിയിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടും ഇവര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Discussion about this post