തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പദയാത്രയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭരണത്തിനെ വിമര്‍ശിക്കുന്ന പാട്ട് ഉള്‍പ്പെട്ടതില്‍ നടപടി. ബിജെപി ഐടി സെല്‍ ചെയര്മാന് എസ് ജയശങ്കറിനെ മാറ്റണമെന്ന് കേന്ദ്ര നേതൃത്വത്തോട് കെ സുരേന്ദ്രന് ആവശ്യപ്പെട്ടു.
നേതൃത്വത്തെ വിമര്‍ശിക്കുന്ന പാട്ട് പാര്‍ട്ടിയുടെ ഫേസ്ബുക്കില്‍ വന്നതിനെ തുടര്‍ന്നാണ് നടപടി. മനപ്പൂര്‍വം ചെയ്തതാണോ എന്ന് സംശയിക്കുന്നെന്ന് കെ സുരേന്ദ്രന് പറഞ്ഞു. പദയാത്ര മലപ്പുറം ജില്ലയിലെ പൊന്നാനി ലോക്സഭ മണ്ഡലത്തിലെത്തിയപ്പോഴാണ് അബദ്ധം സംഭവിച്ചത്. ‘അഴിമതിയ്ക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രം’ എന്നാണ് വീഡിയോയില്‍ പറയുന്നത്.
അതേസമയം, കെ സുന്ദ്രേനുമായി ബിജെപി ഐടി സെല്‍ ഉടക്കിലാണെന്നും മനഃപൂര്‍വം ചെയ്തതാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഐടി സെല്‍ മറുപടി നല്‍കിയിരിക്കുന്നത്. ലൈവ് മുടങ്ങിയ സമയം കേരളാ ബിജെപി യൂട്യൂബ് ചാനലിലുണ്ടായിരുന്ന ബിജെപി ഗാനങ്ങള്‍ സെര്‍ച്ച് ചെയ്ത് ലൈവ് ടീം പാട്ടുകളിട്ടു. അനൗണ്‍സ്മെന്റ് വാഹനത്തിന്റെ ശബ്ദം കാരണം ഇത് വേണ്ടത്ര പരിശോധിക്കാനും കഴിഞ്ഞില്ല. 40 സെക്കന്‍ഡ് ഈ പാട്ട് ലൈവില്‍ പോയി. തുടര്‍ന്ന് പ്രോഗ്രാം ലൈവ് മടങ്ങി വരുകയും ഈ പാട്ട് നില്‍ക്കുകയും ചെയ്തു. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ലൈവില്‍ ആകെ പ്രശ്നമുണ്ടായത് ഈ 40 സെക്കന്റ് മാത്രമാണെന്നായിരുന്നു ഐടി സെല്ലിന്റെ വിചിത്ര വിശദീകരണം.
Discussion about this post