തിരുവനന്തപുരം: പേട്ടയില്‍ നിന്നും കാണാതായ രണ്ടര വയസുകാരിയുടെ യഥാര്‍ഥ രക്ഷിതാക്കളാണോ കൂടെയുള്ളതെന്ന് അറിയാന്‍ ഡിഎന്‍എ പരിശോധന. അതിനായി കുട്ടിയില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും ശേഖരിച്ച സാമ്പിള്‍ ഫോറന്‍സിക് ലാബിന് കൈമാറി.
നിലവില്‍ കുട്ടി അത്താണിയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലാണുള്ളത്. ഫോറന്‍സിക് ലാബില്‍ നിന്നും എത്രയും വേഗം റിപ്പോര്‍ട് കിട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ രക്ത സാമ്പിളും ശേഖരിച്ചിട്ടുണ്ട്. രക്തത്തില്‍ മദ്യം കലര്‍ന്നിട്ടുണ്ടോ എന്നതറിയാനാണ് സാമ്പിള്‍ ശേഖരിച്ചത്. കുഞ്ഞിനെ തട്ടിക്കൊണ്ടു വന്നതാണോ എന്നതും അന്വേഷണ പരിധിയിലുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ 12 മണിയ്ക്കും ഒരു മണിക്കും ഇടയിലാണ് ടെന്റില്‍ മൂത്ത സഹോദരനൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ കാണാതായത്. പേട്ട ഓള്‍ സെയിന്റ്‌സ് കോളേജിന്റെ പിറകിലെ ചതുപ്പില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയതായി പുലര്‍ച്ചെ രണ്ടരയോടെ പോലീസില്‍ പരാതി ലഭിക്കുന്നത്.
മഞ്ഞ ആക്റ്റീവ സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു കുട്ടിയുടെ ആറു വയസുകാരനായ സഹോദരന്‍ പൊലീസില്‍ മൊഴി നല്‍കി. മൂന്ന് മണി മുതല്‍ പോലീസ് പരിശോധന തുടങ്ങി. തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും കന്യാകുമാരിയിലും പരിശോധന ഊര്‍ജിതപ്പെടുത്തി. 10 മണിയോടെ അന്വേഷണത്തില്‍ ട്വിസ്റ്റ്. സ്‌കൂട്ടര്‍ കഥയില്‍ വ്യക്തത വന്നിട്ടില്ലെന്നായിരുന്നു പോലീസ് ആ സമയം വ്യക്തമാക്കിയത്
19 മണിക്കൂര്‍ പിന്നിട്ട തിരച്ചിലിനൊടുവിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കാണാതായ സ്ഥലത്തിന് സമീപമുള്ള ബ്രഹ്‌മോസിന് പിറകിലുള്ള ഓടയില്‍ നിന്ന് പാതി അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ തിരോധാനത്തിന് പിന്നില്‍ ആരെയും കണ്ടെത്താന്‍ കഴിയാത്തതാണ് ദുരൂഹമായിരിക്കുന്നത്.