മലപ്പുറം: മലപ്പുറത്ത് വീട്ടുകാര്‍ ധ്യാനത്തിന് പോയ സമയത്ത് വന്‍ മോഷണം. നെടുങ്ങാട്ടുമ്മല്‍ റെജി വര്‍ഗീസിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30 ഓടെ മോഷണം നടന്നത്. കുടുംബം പത്തനംതിട്ടയില്‍ ധ്യാനത്തിന് പോയ സമയത്താണ് വീട്ടില്‍ കള്ളന് കയറിയത്. അടുക്കള വാതില്‍ കുത്തിത്തുറന്ന് കള്ളന് അകത്ത് കയറുകയായിരുന്നു.
വീട്ടിലെ സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യമുണ്ട്. വലിയ മാസ്ക് ഇട്ടിരുന്നതിനാല്‍ മുഖം വ്യക്തമല്ല. ഇയാള്‍ കൈയ്യുറയും ധരിച്ചിട്ടുണ്ട്. ഇന്നലെ വീടിന് സമീപത്തെ ബന്ധുവായ വീട്ടമ്മ പൂച്ചെടികള്‍ നനക്കാനെത്തിയപ്പോഴാണ് അടുക്കള വാതില്‍ തകര്‍ത്തിട്ടിരിക്കുന്നത് കണ്ടത്.
ഉടന്‍ വഴിക്കടവ് പോലീസില്‍ വിവരം നല്കി. പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ വീട്ടിനുള്ളിലെ അലമാരകള്‍ മുഴുവന്‍ കുത്തിത്തുറന്നതായി കണ്ടെത്തി. പത്തനംതിട്ടയിലെ കുടുംബത്തെ വിവരം അറിയിച്ചപ്പോള്‍ അലമാരയില്‍ 15 പവന് സ്വര്‍ണാഭരണം ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. ഇതോടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പോലീസ്, വീട്ടുകാരും കരുതി.
ALSO READ ഇന്റര്‍നെറ്റിന് അടിമ, മൊബൈല്‍ പിടിച്ചുവാങ്ങി അമ്മാവന്, വെട്ടിക്കൊലപ്പെടുത്തി യുവാവ്
എന്നാല്‍, പത്തനംതിട്ടയില്‍ നിന്നും സ്ഥലത്തെത്തിയ കുടുംബം നടത്തിയ പരിശോധനയില്‍ പഴയ പ്ലാസ്റ്റിക്ക് കവറില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. കവര്‍ ഉള്‍പ്പടെ മോഷ്ടാവ് വാരിവലിച്ച് താഴെ ഇട്ടിരുന്നെങ്കിലും മുഷിഞ്ഞ കവര്‍ ആയതിനാല്‍ ശ്രദ്ധിച്ചില്ല. അലമാരയില്‍ ഉണ്ടായിരുന്ന ചെറിയ കൈ ചെയിനും കുട്ടിക്ക് പിറന്നാള്‍ സമ്മാനമായി കിട്ടിയ ചെറിയ മോതിരവും ഉള്‍പ്പടെ മുക്കാല്‍ പവനോളമാണ് വീട്ടില്‍ നിന്ന് നഷ്ടമായത്.
Discussion about this post