വയനാട്: പുൽപ്പള്ളിക്ക് സമീപം പാക്കത്ത് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ കുറുവാ ദ്വീപിലെ സുരക്ഷാജീവനക്കാരന്റെ ജീവൻ രക്ഷിക്കാനായില്ല. പാക്കം തിരുമുഖത്ത് തേക്കിൻകൂപ്പിൽ വെള്ളച്ചാലിൽ സ്വദേശി വിപി പോളാ(52)ണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ പോളിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഉടനെ തന്നെ പോളിനെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും പിന്നാലെ അദ്ദേഹം മരണപ്പെട്ടു. 3.25-ഓടെയാണ് മരണം സംഭവിച്ചത്. വനംവകുപ്പിന്റെ കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണ സമിതി ജീവനക്കാരനാണ് പോൾ.
പാക്കം- കുറുവാ ദ്വീപ് റൂട്ടിൽ ചെറിയമല വനമേഖലയിൽ രാവിലെ ഒമ്പതരയോടെ കാട്ടാന ആക്രമണമുണ്ടായത്. മാനന്തവാടി ചാലിഗദ്ദയിൽ അജീഷിനെ മോഴയാന ആക്രമിച്ചതിൽ പിന്നെ അടച്ചിട്ട കുറുവ ദ്വീപിലെ ജീവനക്കാരനായിരുന്നു പോൾ. സഞ്ചാരികൾക്കുള്ള നിയന്ത്രണം അറിയാതെ കുറുവയിലേക്ക് എത്തുന്നവരെ തിരികെ അയയ്ക്കുന്നതിനായി ചെറിയമല ജംക്ഷനിൽ ഡ്യൂട്ടി ചെയ്ത് വരികയായിരുന്നു. ഇതിനിടെയാണ് പോൾ ആനയുടെ ആക്രമണത്തിന് ഇരയാകുന്നത്.
ഈ സമയം സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ഒച്ചവെച്ചതോടെ ആന പിന്മാറുകയായിരുന്നു. ഗതാഗതതടസമൊഴിവാക്കാൻ പ്രത്യേക അറിയിപ്പ് നൽകിയായിരുന്നു പോളിനെ മെഡിക്കൽ കോളേജിലെത്തിച്ചത്. ഒരാഴ്ചയ്ക്കിടെയുള്ള രണ്ടാമത്തെ കാട്ടാന ആക്രമണത്തിൽ ഭീതിയിലായിരിക്കുകയാണ് വയനാട്ടിലെ ജനത.