തിരുവനന്തപുരം: ബിജെപിയുടെ കേരളത്തിലെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിന് തയ്യാര്‍. മൂന്നര വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ മന്ദിരത്തിന്റെ പാലുകാച്ചല്‍ ചടങ്ങ് ഇന്ന് നടന്നു. ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, ഒ.രാജഗോപാല്‍, വി. മുരളീധരന്, കെ.സുരേന്ദ്രന് തുടങ്ങി നേതാക്കളാണ് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ തീയതി ലഭിച്ച ശേഷമാകും ഔദ്യോഗിക ഉദ്ഘാടനം നടക്കുക.
നേതാക്കള്‍ക്കും ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തുന്ന പ്രവര്‍ത്തകര്‍ക്കും താമസിക്കാനുള്ള സൗകര്യവും തിരുവനന്തപുരത്തെ തമ്പാനൂരില്‍ പണി കഴിപ്പിച്ച പുതിയ മന്ദിരത്തിലുണ്ട്. 5 നിലകളും 2 ഭൂഗര്‍ഭ നിലകളും ഉള്‍പ്പെടെ 60,000 ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ വിസ്തീര്‍ണം.
ആദ്യ ഫ്ലോറിലാണ് പ്രസിഡന്റിന്റെ ഓഫീസ്. മന്ദിരത്തില്‍ ഭാവി മുഖ്യമന്ത്രിക്കായി ഒരു മുറി കരുതിവെച്ചിട്ടുണ്ട്. അതായത് ഭാവിയില്‍ കേരളം ഭരിക്കുമെന്നും ഇവിടെയൊരു മുഖ്യമന്ത്രിയുണ്ടാകുമെന്നും കണക്കുകൂട്ടിയാണ് ബിജെപി ഒരു മുറി മാറ്റിവെച്ചത്.
പ്രസിഡന്റിന്റെ മുറിയോട് ചേര്‍ന്നൊരു ബാല്‍ക്കണിയുണ്ട്. നേതാക്കള്‍ക്ക് താഴെനില്ക്കുന്ന അണികളെ കൈവീശി കാണിക്കാന്‍ കഴിയുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. വീഡിയോ കോണ്‍ഫ്രന്‍സിനായും പ്രത്യേക മുറി സജ്ജീകരിച്ചിട്ടുണ്ട്. നാല് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ക്കായി നാല് മുറികളുണ്ട് മൂന്നാം നിലയില്‍.
പോഷക സംഘടനകളുടെ സംസ്ഥാന അധ്യക്ഷന്മാര്ക്കായി കാബിനുകളും സജ്ജീകരിച്ചിട്ടുണ്ട്. താമരയിലകള്‍ കൊത്തിവെച്ചിട്ടുണ്ട് കല്‍ത്തൂണുകളില്‍. ആകെ 15 കല്‍ത്തൂണുകളാണുള്ളത്. രണ്ട് ലക്ഷം ലിറ്റര്‍ കൊള്ളുന്ന മഴവെള്ള സംഭരണിയും സജ്ജീകരിച്ചിട്ടുണ്ട്.
Discussion about this post