‘ഇത് സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ ലംഘനത്തിനെതിരെയുള്ള സമരം’ ; കിട്ടാനുള്ള കണക്ക് എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം സംരക്ഷിക്കുന്നതിനുള്ള സമരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യക്തമാക്കി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ സംരക്ഷിക്കാനുള്ള ചരിത്രസമരമാണ് കേരളം ഡല്‍ഹിയില്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അവകാശ ലംഘനത്തിന് എതിരാണ് ഈ സമരം. ഇന്ത്യന്‍ റിപ്പബ്ലക്കിലെ ചരിത്ര നിമിഷമാണിത്. വിവിധ മേഖലകളില്‍ കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരം കവരാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ ഫെഡറല്‍ ഘടകങ്ങള്‍ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ ജന്ദര്‍മന്തറിലാണ് കേരളത്തിന്റെ ധര്‍ണ നടക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും എംഎല്‍എമാരും സമരത്തില്‍ അണിചേരുന്നുണ്ട്.

സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ ലംഘനത്തിനെതിരെയുള്ള ഒരു പുതിയ സമരമാണിത്. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കേന്ദ്രം നടപടികളിലൂടെ വികലമാക്കുകയാണ്. സംസ്ഥാനങ്ങളുടെ നികുതി മുഴുവന്‍ സ്വീകരിച്ച് ബാധ്യത സംസ്ഥാനങ്ങളുടെ ചുമലില്‍ കെട്ടി വയ്ക്കുകയാണ്.

പാവങ്ങളുടെ വീട് ഔദാര്യമാണ് എന്ന് ബ്രാന്‍ഡ് ചെയ്യുന്നത് അനുവദിക്കാന്‍ ആവില്ല. ഇത് സംസ്ഥാനം അനുവദിച്ചു നല്‍കില്ല. ജനങ്ങളുടെ നികുതിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേരളത്തിന്റെ ജിഎസ്ടി വിഹിതം വൈകുന്നു. കേരളത്തിന് മൂന്ന് തരത്തില്‍ കുറവുകള്‍ വരുന്നുണ്ട്. ഏകപക്ഷീയമായി ധനകാര്യ കമ്മിഷന്റെ പരിഗണന വിഷയങ്ങള്‍ തീരുമാനിക്കുന്നു.

ഓരോ തവണയും കേരളത്തിന്റെ വിഹിതം കുത്തനെ കുറയുന്നു. ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയത് സംസ്ഥാനത്തിന് ശിക്ഷയായി മാറുന്നു. നേട്ടത്തിന് ശിക്ഷ, ലോകത്ത് മറ്റൊരിടത്തും കാണാത്ത പ്രതിഭാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്തു വായ്പ എടുക്കുന്നത് പരിമിതപ്പെടുത്തുന്നു. ആകെ 7490 കോടി രൂപ ലഭിക്കാനുണ്ട്. ജനാധിപത്യ രീതിയിലൂടെ അധികാരത്തില്‍ എത്തിയ സര്‍ക്കാരുകള്‍ക്ക് അവരുടെ നയങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കണം.

യുക്തിരഹിതമായി പൊടുന്നനെ വരുത്തുന്ന കുറവുകള്‍ വലിയ പ്രതിസന്ധിയായി മാറും. ഇടക്കാല ബജറ്റിലും കേരളത്തോട് വിവേചനം അനീതി കാണിച്ചു. എയിംസ്, കെ റെയില്‍, ശബരി പാത എന്നത് കേട്ടതായി നടിച്ചില്ല. റബര്‍ വില സ്ഥിരത കൊണ്ടുവരാന്‍ ഒന്നും ചെയ്തില്ല. പ്രത്യയ ശാസ്ത്ര വ്യത്യാസം കൊണ്ട് കേരളത്തെ കേന്ദ്രം ശിക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version