അയോധ്യ: അയോധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനായുള്ള 1265 കിലോ ലഡ്ഡുവും 400 കിലോഗ്രാം ഭാരമുള്ള ലോകത്തിലെ ഏറ്റവും വലിയ താഴും അയോധ്യയിലെത്തി. ഹൈദരാബാദില്‍ നിന്നാണ് ലഡ്ഡു തയ്യാറാക്കിയിരിക്കുന്നത്. താഴ് അലിഗഡില്‍ നിന്നുമാണ് എത്തിയിരിക്കുന്നത്. കാറ്ററിങ് ബിസിനസ് വളരാന്‍ അനുഗ്രഹിച്ച ഭഗവാനോടുള്ള നന്ദി പ്രകാശനമായിട്ടാണ് ഭീമന്‍ ലഡ്ഡു തയ്യാറാക്കിയത്.
അലിഗഡിലെ താഴുനിര്‍മാണ വ്യവസായത്തിലേക്ക് ലോകശ്രദ്ധയെ ആകര്‍ഷിക്കുന്നതാണ്താഴ്. ഹൈദരാബാദിലെ ശ്രീ റാം കാറ്ററിങ് സര്‍വീസ് ടീമാണ് പ്രാണപ്രതിഷ്ഠാ ദിനത്തില്‍ കാണിക്കയായി 1265 കിലോ ലഡ്ഡു ശ്രീരാമ ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുന്നത്.
‘എന്റെ കുടുംബത്തിന് നല്ലതുവരാനും ബിസിനസ് വളരാനും ദൈവം എന്നെ അനുഗ്രഹിച്ചു. ഇനിയങ്ങോട്ട് ജീവിച്ചിരിക്കുന്ന കാലത്തോളം ദിവസേന ഓരോ കിലോ ലഡ്ഡു ഭഗവാന് സമര്‍പ്പിക്കും’, – ശ്രീ റാം കാറ്ററിങ് സര്‍വീസ് ഉടമ നാഗഭൂഷണം റെഡ്ഡി പറഞ്ഞു. 25 പേര്‍ മൂന്നുദിവസത്തോളം പണിയെടുത്താണ് 1265 കിലോഗ്രാം ലഡ്ഡു തയ്യാറാക്കിയത്. ഒരുമാസത്തോളം ഇവ കേടുകൂടാതെയിരിക്കും, അത് തെളിയിക്കുന്നതിന് ആവശ്യമായ ഫുഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റും കൂടെ വച്ചിട്ടുണ്ടെന്ന് നാഗഭൂഷണം റെഡ്ഡി പറയുന്നു.
അലിഗഡിലെ നൗരംഗാബാദ് സ്വദേശികളായ സത്യപ്രകാശ് ശര്‍മയും ഭാര്യ രുക്മിണി ശര്‍മയും ചേര്‍ന്ന് രണ്ടുവര്‍ഷം മുമ്പാണ് ലോകത്തിലെ ഏറ്റവും വലിയ താഴ് പണിയാന്‍ ആരംഭിച്ചത്. താഴ് അയോധ്യയിലെ രാമക്ഷേത്രത്തിന് സമര്‍പ്പിക്കണം എന്നായിരുന്നു ആഗ്രഹമെങ്കിലും താഴിന്റെ പണി പൂര്‍ത്തിയാകുംമുമ്പ് സത്യപ്രകാശ് മരണപ്പെട്ടു. എന്നാല്‍ സത്യപ്രകാശിന്റെ ആഗ്രഹം സഫലമാക്കാന്‍ മഹാമണ്ഡലേശ്വര്‍ അന്നപൂര്‍ണാ ഭാരതി പുരി എന്നയാള്‍ മുന്നോട്ടുവന്നു.
Discussion about this post