കുമളി: ഇടുക്കിയിലെ കുമളിയില്‍ വാടക വീട്ടില്‍ മക്കള്‍ കൈയൊഴിഞ്ഞതോടെ ഒറ്റയ്ക്കായ വയോധികയ്ക്ക് സഹായവുമായി പോലീസ്. അട്ടപ്പള്ളം ലക്ഷംവീട് കോളനിയില്‍ കഴിഞ്ഞിരുന്ന അന്നക്കുട്ടി മാത്യുവാണ് മക്കളാരും തിരിഞ്ഞുനോക്കാത്തെ അവസ്ഥയിലുള്ളത്.
കുമളിയില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അന്നക്കുട്ടി കഴിഞ്ഞ ദിവസം വീണ് വലതു കൈ ഒടിഞ്ഞിരുന്നു. ശാരീരികമായ മറ്റ് അസ്വസ്ഥതകളുമുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ നാട്ടുകാരും പഞ്ചായത്തംഗവും അറിയിച്ചതനുസരിച്ച് പോലീസ് അന്നക്കുട്ടിയുടെ വീട്ടിലെത്തി. ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായിരുന്ന അന്നക്കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.
ഭര്‍ത്താവ് മരിച്ച അന്നക്കുട്ടിക്ക് ഒരു മകനും മകളുമുണ്ട്. ഇരുവരും വിവാഹം കഴിച്ച് കുമളിയില്‍ തന്നെയാണ് താമസം. മകന്റെ സംരക്ഷണത്തിലാണ് അമ്മ കഴിഞ്ഞിരുന്നത്. സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കിയ മക്കള്‍ വാടക വീടെടുത്ത് അന്നക്കുട്ടിയെ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. മകള്‍ മാസം തോറും നല്‍കിയിരുന്ന ചെറിയ തുക ഉപയോഗിച്ചാണ് ഒരു വര്‍ഷത്തോളമായി അന്നക്കുട്ടി കഴിഞ്ഞിരുന്നത്. പോലീസ് അറിയിച്ചതിനുസരിച്ച് ആശുപത്രിയിലെത്തിയ ബാങ്ക് ജീവനക്കാരനായ മകന്, വീട്ടിലെ നായയെ നോക്കാന്‍ ആളില്ലെന്ന് പറഞ്ഞ് സ്ഥലം വിട്ടെന്ന് പോലീസ് പറഞ്ഞു.
കുമളി ഇന്‍സ്പെക്ടര്‍ ജോബിന് ആന്റണിയും സംഘവും ചേര്‍ന്ന് അന്നക്കുട്ടിയെ ആശുപത്രിയിലെത്തിച്ചു. മക്കള്‍ ഉപേക്ഷിച്ച മാതാവിനെ സംരക്ഷിക്കാനാണ് പോലീസിന്റെ തീരുമാനം. അന്നക്കുട്ടിയെ പരിചരിക്കാനായി വനിതാ പോലീസിനെ നിയോഗിച്ചതായും തുടര്‍ന്നുള്ള സംരക്ഷണത്തിന് നാട്ടുകാരുടെ സഹായം തേടുമെന്നും എസ്എച്ച്ഒ ജോബിന് ആന്റണി പറഞ്ഞു. ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post