ടോക്കിയോ: ചന്ദ്രനിലിറങ്ങി ജപ്പാനും. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായിരിക്കുകയാണ് ജപ്പാന്‍. സ്മാര്‍ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ്‍ (സ്ലിം) ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. ചന്ദ്രനിലെ കടല്‍ എന്നു വിശേഷിപ്പിക്കുന്ന മെയര്‍ നെക്ടാരിസിനരികെയാണ് ഇറക്കിയത്. 2023 സെപ്റ്റംബര്‍ ഏഴിനാണ് സ്ലിം വിക്ഷേപിച്ചത്. ജപ്പാന്റെ അടുത്ത ദൗത്യം ഇസ്രോയുമായി ചേര്‍ന്ന് നടത്തുന്ന ലൂപക്‌സ് ആണ്. ടെലിമെട്രി വിവരങ്ങള്‍ അനുസരിച്ച് പേടകം ചന്ദ്രോപരിതലത്തിലുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ലാന്‍ഡിങിനുശേഷം പേടകത്തില്‍നിന്ന് ഇതുവരെ സിഗ്‌നല്‍ ലഭിച്ചിട്ടില്ല.
സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വസ്റ്റിഗേറ്റിംഗ് മൂണ്‍ എന്നതിന്റെ ചുരുക്ക പേരാണ് സ്ലിം. ജപ്പാന്റെ ചാന്ദ്ര സ്വപ്നങ്ങളുമായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെയാണ് സ്ലിം എന്ന പേരിലുള്ള ഈ കുഞ്ഞന്‍ ലാന്‍ഡര്‍ യാത്ര തുടങ്ങിയത്. ഒരുഷാര്‍പ്പ് ഷൂട്ടറിന്റെ ഓണ്‍ ടാര്‍ജറ്റ് ഷോട്ട് പോലൊരു കിറുകൃത്യം ലാന്‍ഡിങ് രീതി അവലംബിച്ചതിനാലാണ് ജപ്പാന്റെ ബഹിരാകാശ ഏജന്‍സിയായ ജാക്‌സ പേടകത്തിന് മൂണ്‍ സ്‌നൈപ്പര്‍ എന്ന് വിളിപ്പേര് നല്‍കിയത്. പരമാവധി കുറച്ച് ഇന്ധനം ഉപയോഗിക്കാന്‍ തീരുമാനിച്ചത് കൊണ്ടാണ് ചന്ദ്രന്‍ വരെയെത്താന്‍ സമയം കൂടുതലെടുത്തത്. ഷിലോയ് ഗര്‍ത്ത പരിസരത്താണ് സോഫ്റ്റ് ലാന്‍ഡ് ചെയ്തത്.
രണ്ട് കുഞ്ഞന്‍ പര്യവേഷണ വാഹനങ്ങളുമായാണ് സ്ലിം ചന്ദ്രനിലേക്ക് പോയിട്ടുള്ളത്. ലൂണാര്‍ എക്‌സ്‌കേര്‍ഷന്‍ വെഹിക്കിള്‍ വണ്ണും ടൂവുമാണത്. ചന്ദ്രനിലൂടെ ചാടി നടക്കാന്‍ കഴിയുന്നതാണ് എല്‍ഇവി വണ്‍ എങ്കില്‍ പന്തിനെപ്പോലെ ഉരുണ്ട് നീങ്ങുന്ന തരത്തിലാണ് എല്‍ഇവി ടുവിന്റെ രൂപകല്‍പന. ഭൂമിയിലേക്ക് വിവരങ്ങളയക്കാന്‍ രണ്ട് പര്യവേഷണ വാഹനങ്ങള്‍ക്കും ലാന്‍ഡറിന്റെ സഹായം വേണ്ട.
പ്രധാന പേടകം ലാന്‍ഡിങ്ങിന് മുന്നേ തന്നെ രണ്ട് ചെറു വാഹനങ്ങളെയും ചന്ദ്രന്റെ ഉപരിതലത്തിലേക്ക് അയക്കും. എല്ലാം കൃത്യമായി നടന്നാല്‍ ജാക്‌സ ചരിത്രം സൃഷ്ടിക്കും. സങ്കീര്‍ണ ദൗത്യങ്ങള്‍ സ്വന്തം സ്‌റ്റൈലില്‍ വിജയിപ്പിക്കുന്നതില്‍ പ്രത്യേക മിടുക്കുള്ള ഏജന്‍സിയാണ് ജാക്‌സ. അടുത്ത ചാന്ദ്ര ദൗത്യം ഐഎസ്ആര്‍ഒയും ജാക്‌സയും ഒന്നിച്ചാണ് എന്നതിനാല്‍ തന്നെ ഇന്നത്തെ ദൗത്യം ഇന്ത്യയ്ക്കും നിര്‍ണായകമാണ്.