ലക്‌നൗ: അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാച്ചടങ്ങ് നടക്കുന്ന ദിവസം കുഞ്ഞ് ജനിക്കാന്‍ ആശുപത്രികളില്‍ തിരക്ക്. പ്രതിഷ്ഠാദിനത്തില്‍ സിസേറിയന്‍ നടത്തണമെന്ന് നിരവധി പേരാണ് ആവശ്യപ്പെടുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
ജനുവരി മാസത്തിന്‍െ തുടക്കത്തില്‍ പതിനാലും പതിനഞ്ചും അപേക്ഷകളാണ് സിസേറിയന് വേണ്ടി ലഭിച്ചിരുന്നതെങ്കില്‍ പ്രാണപ്രതിഷ്ഠയോട് അടുക്കാറായപ്പോള്‍ അപേക്ഷകളുടെ എണ്ണത്തില്‍ സാരമായി വര്‍ധനയുണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാണപ്രതിഷ്ഠ നടക്കുന്ന ജനുവരി 22 ശുഭമുഹൂര്‍ത്തമാണെന്നുളള വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മൂഹൂര്‍ത്ത പ്രസവത്തിനായി തയ്യാറെടുക്കുകയാണ് ഒരു വിഭാഗം അമ്മമാരും കുടുംബവും.
പ്രാണപ്രതിഷ്ഠാ ദിനത്തില്‍ ജനിക്കുന്ന കുഞ്ഞിന് ശ്രീരാമന്റെ എല്ലാ ഗുണങ്ങളും ലഭിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസവം 22ന് തന്നെ നടത്തമെന്ന് ആവശ്യപ്പെടുന്നത്. പ്രസവത്തിന് ഏറ്റവും ഉചിതമായ ദിസവം ജനുവരി 22 ആണെന്ന് പൂജാരിമാര്‍ മുഹൂര്‍ത്തം കുറിച്ച് കൊടുത്തതിനെ തുടര്‍ന്ന് ആശുപത്രിയെ സമീപിച്ചവരും ഏറെയാണ്. ജനുവരി 22ന് തങ്ങളുടെ ആശുപത്രിയില്‍ ഒരു ലേബര്‍ റൂമില്‍ മാത്രം 35 സിസേറിയനാണ് നടക്കാന്‍ പോകുന്നതെന്ന് ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഇന്‍ചാര്‍ജ് സീമ ദ്വിവേദി പറയുന്നു.
ജനിക്കാന്‍ പോകുന്ന കുഞ്ഞിന് സര്‍വ്വ ഗുണങ്ങളും ലഭിക്കാന്‍ സിസേറിയന് ജനുവരി 22ന് തന്നെ നടത്താന്‍ ആവശ്യപ്പെടുന്ന കുടുംബങ്ങള്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യാവസ്ഥയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും പ്രസവം നേരത്തെയാക്കുന്നതിന്റെയും വൈകിപ്പിക്കുന്നതിന്റെയും അപകടങ്ങളെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും സീമ ദ്വിവേദി പറഞ്ഞു.