കൊച്ചി: സംഘര്‍ഷത്തെ തുടര്‍ന്ന് മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി. പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചത്.
അതേസമയം എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്‌മാനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥിനി അടക്കമുള്ളവര്‍ക്കെതിരെ വധശ്രമം അടക്കം ഒന്‍പത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഭവത്തില്‍ പ്രതികളായവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി വിട്ടാലുടന്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രി നാടക പരിശീലനത്തിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്‌മാനെ ഫ്രറ്റേണിറ്റി, കെഎസ്‌യു പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ ക്യാമ്പസില്‍ നടക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നാസറിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നാണ് വിവരം. ഇരുപതോളം വരുന്ന കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് എസ്എഫ്‌ഐ ആരോപിച്ചു.