ബംഗളൂരു: രണ്ട് മണിക്കൂറോളം വിമാനത്തിന്റെ ശുചിമുറിയില്‍ ഡോര്‍ ലോക്കായി കുടുങ്ങിയ യാത്രക്കാരന് മുഴുവന്‍ ടിക്കറ്റ് തുകയും തിരിച്ചുനല്‍കുമെന്ന് സ്‌പൈസ് ജെറ്റ്. മുംബൈ – ബംഗളൂരു സ്പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം. സംഭവം വിവാദമായതിന് പിന്നാലെയാണ് സ്‌പൈസ് ജെറ്റിന്റെ തീരുമാനം. ടേക്ക് ഓഫിന് തൊട്ടുമുന്‍പ് ശുചിമുറിയില്‍ പോയപ്പോഴാണ് ശുചിമുറിയില്‍ കുടുങ്ങിയത്. വിമാനം ബംഗളൂരുവില്‍ എത്തിയ ശേഷമാണ് ശുചിമുറിയുടെ വാതിലിന്റെ തകരാര്‍ പരിഹരിച്ച് യാത്രക്കാരനെ പുറത്തിറക്കിയത്.
യാത്രക്കാരന് പുറത്തിറങ്ങിയ ശേഷം വൈദ്യ പരിശോധന ഉള്‍പ്പെടെ ലഭ്യമാക്കിയെന്നും സ്‌പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു. വിമാനത്തിനുള്ളിലെ ശുചിമുറിയില്‍ രണ്ട് മണിക്കൂറോളമാണ് യാത്രക്കാരന്‍ കുടുങ്ങിയത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മുംബൈയില്‍ നിന്ന് ബംഗളുരുവിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനത്തിനുള്ളിലാണ് സംഭവം. നൂറ് മിനിറ്റിലധികം സമയമാണ് യുവാവ് ശുചിമുറിയില്‍ കുടുങ്ങിയത്. ബംഗളുരു വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ കെപഗൌഡ വിമാനത്താവളത്തിലെ എന്‍ജിനിയര്‍മാരെത്തിയാണ് ശുചിമുറിയുടെ വാതില്‍ തുറന്നത്. എസ്ജി 268 എന്ന വിമാനത്തിലാണ് അസാധാരണ സംഭവങ്ങളുണ്ടായത്.
ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണിയ്ക്കായിരുന്നു വിമാനം മുംബൈയില്‍ നിന്ന് പുറപ്പെട്ടത്. പുലര്‍ച്ചെ 3.42ഓടെയാണ് വിമാനം ബംഗളൂരിലെത്തിയത്. 14ഡി എന്ന സീറ്റിലിരുന്ന യാത്രക്കാരനാണ് ടേക്ക് ഓഫിന് പിന്നാലെ ശുചിമുറി ഉപയോഗിക്കാന്‍ ശ്രമിച്ച് കുടുങ്ങിയത്. വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് അടക്കം ശുചിമുറിയില്‍ ഇരിക്കേണ്ട ഗതികേടാണ് യാത്രക്കാരനുണ്ടായത്. യാത്രക്കാരന്‍ ശുചിമുറിയില്‍ കുടുങ്ങിയെന്ന് വ്യക്തമായതോടെ വാതില്‍ പുറത്ത് നിന്ന് തുറക്കാന്‍ വിമാനക്കമ്പനി ജീവനക്കാര്‍ ശ്രമിച്ചെങ്കിലും സാധ്യമാകാതെ വരികയായിരുന്നു. ഇടുങ്ങിയ സ്ഥലത്ത് കുടുങ്ങിപ്പോയതിന് പിന്നാലെ ഭയന്ന അവസ്ഥയിലായിരുന്നു യുവാവ്.