മകളുടെ ഓര്‍മ്മയ്ക്കായി ആദരം: നാട്ടിലെ പ്രൈമറി സ്‌കൂളിന് ഏഴ് കോടിയുടെ ഭൂമി സൗജന്യമായി നല്‍കി 52കാരി

മധുര: മകളുടെ ഓര്‍മ്മയ്ക്കായി ഏഴുകോടി വിലമതിക്കുന്ന ഭൂമി സര്‍ക്കാരിന് നല്‍കി അമ്മ. മധുര സ്വദേശിനിയായ 52 -കാരി പൂരണം എന്ന് വിളിക്കുന്ന ആയി അമ്മാള്‍ ആണ് ഒരേക്കര്‍ 52 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയത്. സ്‌കൂള്‍ വികസിപ്പിക്കുന്നതിന് വേണ്ടിയാണ് പൂരണം ഭൂമി നല്‍കിയിരിക്കുന്നത്. പിന്നോക്കം നില്‍ക്കുന്ന മനുഷ്യര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം എന്നാഗ്രഹിച്ചിരുന്ന ഏകമകള്‍ ജനനിയ്ക്കുള്ള ആദരവായിട്ടാണ് സ്ഥലം വിട്ടുനല്‍കിയിരിക്കുന്നത്. കോടിക്കുളത്തെ പഞ്ചായത്ത് യൂണിയന്‍ മിഡില്‍ സ്‌കൂളിനാണ് കോടികളുടെ ഭൂമി നല്‍കിയത്. ഇതോടെ ഏറെക്കാലമായി പ്രൈമറിവിഭാഗം മാത്രമുണ്ടായിരുന്ന സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്താന്‍ തീരുമാനമായി.

കാനറ ബാങ്കിലെ ക്ലര്‍ക്കാണ് പൂരണം. സ്‌കൂള്‍ ഹൈസ്‌കൂളായി വികസിപ്പിക്കാനായിട്ടാണ് ഭൂമി നല്‍കിയിരിക്കുന്നത്. ഒരേയൊരു അപേക്ഷ മാത്രമാണ് ഭൂമി വിട്ടുനല്‍കുമ്പോള്‍ പൂരണത്തിനുണ്ടായിരുന്നത്. അതിന് അവരുടെ മകളുടെ പേര് നല്‍കണം. രണ്ട് വര്‍ഷം മുമ്പാണ് പൂരണത്തിന്റെ മകള്‍ ജനനി മരിച്ചത്.

ഭൂമി സ്‌കൂളിനായി എഴുതി നല്‍കിയ വിവരം പൂരണം ആരോടും പറഞ്ഞിരുന്നില്ല. ചീഫ് എജ്യുക്കേഷണല്‍ ഓഫീസര്‍ കെ കാര്‍ത്തിഗയ്ക്ക് രേഖകള്‍ കൈമാറിയ ശേഷം മധുര എംപി എസ് വെങ്കിടേശന്‍, വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യാമൊഴി എന്നിവരുള്‍പ്പടെ അനവധിപ്പേര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചതോടെയാണ് പുറംലോകം ഇക്കാര്യം അറിഞ്ഞത്.

ഒരുപാട് സഹനങ്ങളിലൂടെയാണ് പൂരണത്തിന്റെ ജീവിതം കടന്നു പോയത്. ജനനി കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പൂരണത്തിന്റെ ഭര്‍ത്താവ് മരിച്ചിരുന്നു. ഭര്‍ത്താവിന്റെ ജോലി ലഭിച്ചെങ്കിലും മകളെ വളര്‍ത്തുന്നതിനായി ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടു. ബികോമിന് പഠിക്കുകയായിരുന്നു ജനനി. സാമ്പത്തികമായും മറ്റും പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ സഹായിക്കണം എന്ന് എക്കാലവും ജനനി ആഗ്രഹിച്ചിരുന്നു. തന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങളെല്ലാം ചെയ്തിരുന്നു.

തനിക്ക് പാരമ്പര്യമായി അച്ഛനില്‍ നിന്നും കിട്ടിയ ഭൂമിയാണ് പൂരണം സ്‌കൂളിന്റെ വികസനത്തിനായി വിട്ടുനല്‍കിയിരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പൂരണത്തെ അഭിനന്ദിച്ചുകൊണ്ട് മുന്നോട്ട് വന്നിരുന്നു. റിപ്പബ്ലിക് ഡേയില്‍ പ്രത്യേകം പാരിതോഷികം നല്‍കി പൂരണത്തിനെ അഭിനന്ദിക്കും എന്നും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version