കണ്ണൂര്‍: വരന് ഒട്ടകപ്പുറത്തേറി വന്ന കണ്ണൂരിലെ വിവാഹം വിവാദമായിരുന്നു. വിവാഹ ഘോഷയാത്രയ്ക്കിടെ ഒട്ടകപ്പുറത്ത് കയറി ഗതാഗതം തടസ്സപ്പെടുത്തിയതിന് വരനും 25 കൂട്ടാളികള്‍ക്കും എതിരെ പോലീസ് കേസെടുത്തിരുന്നു. അനധികൃതമായി സംഘം ചേര്‍ന്ന് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കി ഗതാഗതം തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
കണ്ണൂര്‍ വളപട്ടണം സ്വദേശിയാണ് വരന് റിസ്വാന്. ജനുവരി 14 ന് ഒട്ടകപ്പുറത്ത് കയറി വധുവിന്റെ വീട്ടിലേക്ക് ഒരു വിവാഹ ഘോഷയാത്ര നടത്തുന്നതിനിടെയാണ് സംഭവം. വിവാഹ ആഘോഷം വീട്ടുകാരുടെ അറിവോടെയല്ലെന്ന് വരന്റെ പിതാവ് റഹീസ് പ്രതികരിച്ചു.
റിസ്വാന്റെ സുഹൃത്തുക്കള്‍ ഒരുക്കിയ ആഘോഷമായിരുന്നു. കണ്ടപ്പോള്‍ തന്നെ തടയാന്‍ ശ്രമിച്ചതാണെന്നും ഇത്തരം ആഘോഷങ്ങള്‍ ഇനി ഉണ്ടാകാന്‍ പാടില്ലെന്നും റഹീസ് പറഞ്ഞു. വിവാഹ ആഘോഷം അതിരുവിട്ടതില്‍ വധുവിന്റെ വീട്ടുകാരില്‍ നിന്ന് മഹല്ല് കമ്മിറ്റിയും വിശദീകരണം തേടിയിരുന്നു.
Discussion about this post