കൊച്ചി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനം ആഘോഷിക്കണമെന്ന കെഎസ് ചിത്രയുടെ പരാമര്‍ശം വിവിവാദമായിരിക്കുകയാണ്. വലിയ വിമര്‍ശനമാണ് താരം നേരിടുന്നത്. നിരവധി പേരാണ് ചിത്രയെ വിമര്‍ശിച്ചും പിന്തുണച്ചും എത്തുന്നത്. ചിത്രയെ വിമര്‍ശിച്ച് ഗായകന്‍ സൂരജ് സന്തോഷ് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു. പിന്നാലെ സൂരജിന് നേരെയും സൈബര്‍ ആക്രമണം നിറഞ്ഞിരുന്നു.
ഇപ്പോഴിതാ തനിക്ക് നേരെ ഉയരുന്ന സൈബര്‍ ആക്രമണങ്ങളെ നിയമപരമായി നേരിടാന്‍ ഒരുങ്ങിയിരിക്കുകയാണ് സൂരജ്. മുന്‍പും സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്, പക്ഷേ ഇത്തവണ എല്ലാ അതിരുകളും കടന്ന് ക്രൂരവും മര്യാദയില്ലാത്ത രീതിയിലുമാണ് സൈബര്‍ ആക്രമണം നടക്കുന്നത്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സൂരജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ നല്‍കുന്ന പിന്തുണയാണ് എനിക്ക് ധൈര്യവും വിശ്വാസവും നല്‍കുന്നത്. നീതിക്ക് വേണ്ടി നിലകൊള്ളുന്ന നിങ്ങള്‍ ഓരോരുത്തര്‍ക്കും എന്റെ നന്ദി, തളരില്ല. തളര്‍ത്താന്‍ പറ്റുകയും ഇല്ല, ഇന്‍സ്റ്റാ സ്റ്റോറിയില്‍ സൂരജ് പറയുന്നു.
ചിത്രയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തെ തള്ളിയാണ് ഭരണ പ്രതിപക്ഷ നേതാക്കള്‍ പ്രതികരിച്ചത്. പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു, ചിത്രയ്‌ക്കെതിരായ സൈബര്‍ ആക്രമണം ആസൂത്രിതമെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചത്. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായമുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.