ചെന്നൈ: വിവാദത്തിലായ നയന്‍താരയുടെ തമിഴ് ചിത്രം അന്നപൂരണിയുടെ നിര്‍മ്മാതാക്കളായ സീ സ്റ്റുഡിയോസിനെ നിരോധിക്കണമെന്ന് ബിജെപി എംഎല്‍എ. വര്‍ഗ്ഗീയ പ്രസംഗങ്ങളിലൂടെ വിവാദങ്ങളുണ്ടാക്കിയ എംഎല്‍എ രാജാ സിംഗാണ് സീ സ്റ്റുഡിയോസിനെതിരെ രംഗത്തെത്തിയത്. ചിത്രം ‘ലവ് ജിഹാദിനെ’ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എംഎല്‍എ ആരോപിച്ചു.
‘സീ സ്റ്റുഡിയോസ് മാപ്പ് പറഞ്ഞതായി ഞാനറിഞ്ഞു. പക്ഷേ ഒരു മാപ്പ് കൊണ്ട് മാത്രം കാര്യമില്ല. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്താന്‍ ഇത്തരം സിനിമകള്‍ നിര്‍മിക്കുന്നത് നമ്മള്‍ പലതവണ കണ്ടിട്ടുണ്ട്’- രാജാ സിങ് പറഞ്ഞു.
തെലങ്കാനയിലെ ഗോഷാമഹല്‍ നിയമസഭാംഗമാണ് രാജ സിംഗ്. ഒടിടിയില്‍ സെന്‍സര്‍ഷിപ്പ് വേണമെന്നും ഇദ്ദേഹം നിര്‍ദേശിച്ചു. അന്നപൂര്‍ണി സംവിധായകന്‍ നിലേഷ് കൃഷ്ണയെപ്പോലുള്ളവരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഹിന്ദുവിരുദ്ധ സിനിമകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും പറഞ്ഞു.
അതേസമയം, മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ നടി നയന്‍താരയ്ക്കെതിരെയും നെറ്റ്ഫ്ലിക്സ് അധികൃതര്‍ക്കെതിരെയും കേസ് എടുത്തിരുന്നു. നെറ്റ്ഫ്ലിക്സിലെ അന്നപൂരണി സിനിമയുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലാണ് കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന് ഹിന്ദു സംഘടനകളാണ് ആരോപണമുയര്‍ത്തിയത്. സിനിമയ്ക്കെതിരെ വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ നയന്‍താര ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് സിനിമ ‘അന്നപൂരണി’ നെറ്റ്ഫ്ലിക്സില്‍ നിന്നും നീക്കം ചെയ്തിരുന്നു.
ചിത്രം പിന്‍വലിച്ചതായി നിര്‍മ്മാതാക്കളിലൊന്നായ സീ സ്റ്റുഡിയോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചിത്രത്തിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. മതവികാരം വ്രണപ്പെടുത്തിയതില്‍ മാപ്പ് ചോദിക്കുന്നു എന്നും വിവാദ രംഗങ്ങള്‍ നീക്കുമെന്നും സീ സ്റ്റുഡിയോ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഡിസംബര്‍ 1 ന് ആയിരുന്നു ചിത്രം തിയ്യേറ്ററിലെത്തിയത്. തിയറ്ററില്‍ കാര്യമായി ശ്രദ്ധ നേടാത്ത ചിത്രം ഒടിടിയിലെത്തിയതോടെയാണ് ശ്രദ്ധേയമായത്. നെറ്റ്ഫ്ലിക്സിലൂടെ ഡിസംബര്‍ 29 ന് ആയിരുന്നു. ഒടിടിയില്‍ എത്തിയതിന് പിന്നാലെ ചിത്രം മതവികാരം വ്രണപ്പെടുത്തിയതായി ചില കോണുകളില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ആരംഭിച്ചിരുന്നു. പിന്നീടാണ് പോലീസില്‍ പരാതി എത്തിയത്.
ഒരു ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി രംഗരാജനെയാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പാചകവിദഗ്ധയാവാന്‍ ആഗ്രഹിക്കുന്നയാളാണ് അന്നപൂരണി. എന്നാല്‍ സസ്യേതര ഭക്ഷണം പാകം ചെയ്യാന്‍ അവള്‍ പല പ്രതിസന്ധികളും നേരിടുന്നുണ്ട്. ജയ് അവതരിപ്പിക്കുന്ന ഫര്‍ഹാന്‍ എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകന്‍. ശ്രീരാമന്‍ മാംസഭുക്ക് ആയിരുന്നുവെന്ന് ജയ് നയന്‍താരയുടെ കഥാപാത്രത്തോട് പറയുന്നുണ്ട്. ബിരിയാണി പാകം ചെയ്യുന്നതിന് മുന്‍പ് അന്നപൂരണി നിസ്‌കരിക്കുന്നുണ്ട്. ഇക്കാര്യങ്ങളും ഒപ്പം ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരുന്നത്.
Discussion about this post