ടോക്കിയോ: ജപ്പാനില്‍ 21 തുടര്‍ഭൂചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. ജപ്പാന്റെ തീരപ്രദേശങ്ങളില്‍ സുനാമി തിരമാലകള്‍ ആഞ്ഞടിച്ചു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. വാഹനങ്ങള്‍ ഒലിച്ചുപോവുകയും റോഡുകളില്‍ ഉള്‍പ്പെടെ വലിയ വിള്ളലുകളുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് ഹൈവേകള്‍ അടക്കുകയും ഇഷിക്കാവയിലേക്കുള്ള അതിവേഗ റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവക്കുകയും ചെയ്തു. സുനാമിയെ തുടര്‍ന്ന് തീരത്ത് നിന്നും ഒഴിഞ്ഞു പോകണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വടക്കന്‍ ജപ്പാനില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിന് പിന്നാലെയാണ് സൂനാമി.
ഭൂചലനത്തില്‍ ആളപായങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനമടക്കം തടസപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. 36,000ത്തിലേറെ ജനങ്ങള്‍ക്ക് വൈദ്യുതി മുടങ്ങി. ഭൂകമ്പം ഉണ്ടായ പ്രദേശങ്ങളില്‍ തീപിടുത്തങ്ങളും മണ്ണിടിച്ചിലുമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി കിഷിദ അറിയിച്ചു. റഷ്യയും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സഖാലിന്‍ ദ്വീപില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണെന്ന് റഷ്യ അറിയിച്ചു.
ഭൂചലനത്തെ തുടര്‍ന്ന് ഹൊകുരികു ഇലക്ട്രിക് പവര്‍ ആണവ നിലയങ്ങളില്‍ ക്രമക്കേടുകള്‍ സംഭവിച്ചിട്ടില്ലെന്നും ആണവ നിലയങ്ങള്‍ സുരക്ഷിതമാണെന്നും അധികൃതര്‍ വ്യക്തമാക്കി. കൊറിയയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2011-ലാണ് ജപ്പാനില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുള്‍പ്പെടെ തകരാറ് സംഭവിച്ചിരുന്നു.