കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോണ്‍ ആണ് മരിച്ചത്. 78 വയസ്സായിരുന്നു. ഇതോടെ മരണം ഏഴ് ആയി. ചികിത്സയിലിരിക്കെയാണ് ജോണിന്റെ മരണം.
ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്ഫോടനത്തില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശി പ്രവീണ്‍ നവംബര്‍ 17 നാണ് മരണത്തിന് കീഴടങ്ങിയത്. പ്രവീണിന്റെ അമ്മ സാലിയും സഹോദരി പന്ത്രണ്ടുവയസുകാരിയായ ലിബിനയും നേരത്തെ മരിച്ചിരുന്നു.
ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യഹോവ സാക്ഷി സഭാംഗമായ ഡൊമനിക് മാര്‍ട്ടിന്‍ എന്ന തമ്മനം സ്വദേശി സ്വമേധയാ പോലീസില്‍ കീഴടങ്ങിയിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ കുറ്റസമ്മതം നടത്തിയ ശേഷമാണ് ഡൊമിനിക് മാര്‍ട്ടിന്‍ തൃശൂര്‍ ജില്ലയിലെ കൊടകര സ്റ്റേഷനില്‍ കീഴടങ്ങിയത്.
കേസില്‍ ഡൊമിനിക് മാര്‍ട്ടിനെ മാത്രമാണ് പോലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. മാര്‍ട്ടിന്‍ നിലവില്‍ റിമാന്‍ഡിലാണ്. യഹോവ സാക്ഷികളുടെ ഉള്ളിലുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളാണ് സ്‌ഫോടനത്തിലേക്ക് പ്രതിയെ നയിച്ചതെന്ന് പറയുന്നുണ്ടെങ്കിലും കൂടുതല്‍ കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തതയായിട്ടില്ല.