തിരുവനന്തപുരം: പ്രൊഫസര്‍ ഡോ. എസ് ബിജോയ് നന്ദന് കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ആയി ചുമതലയേല്‍ക്കും. മറൈന്‍ ബയോളജി ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസറും സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗവുമാണ് ബിജോയ് നന്ദന്‍. കണ്ണൂരിലേക്ക് പോകാന്‍ ബിജോയ് നന്ദന് ചാന്‍സലര്‍ നിര്‍ദേശം നല്‍കി. രാജ്ഭവനില്‍ നിന്ന് ഉച്ചയ്ക്ക് മുമ്പ് ഉത്തരവ് ഇറങ്ങും. ഇന്ന് തന്നെ പുതിയ വിസി ആയി ബിജോയ് നന്ദന്‍ ചുമതല ഏറ്റെടുക്കും.
കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചുള്ള ചാന്‍സലറുടെ നടപടി സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. വിസി നിയമനത്തില്‍ അധികാരപരിധിയില്‍ ബാഹ്യശക്തികള്‍ ഇടപെട്ടു എന്ന് കോടതി നിരീക്ഷിച്ചു. സര്‍ക്കാരിനെതിരെ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ നേരത്തെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് ജെബി പര്‍ദിവാലയാണ് വിധി പ്രസ്താവിച്ചത്.
കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.