മരണ ശേഷവും വിടാതെ ലോണ്‍ ആപ്പ്: ശില്പയുടെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഇന്നും ഫോണിലെത്തി, ഒപ്പം ഭീഷണിയും

എറണാകുളം: ഓണ്‍ലൈന്‍ ആപ്പ് വായ്പ്പ സംഘം ഭീഷണിയെ തുടര്‍ന്ന് കൂട്ട ആത്മഹത്യ ചെയ്ത കുടുംബത്തെ മരണ ശേഷവും വിടാതെ ലോണ്‍ ആപ്പുകള്‍. മോര്‍ഫ് ചെയ്ത അശ്ലീല ഫോട്ടോ അയച്ച് ലോണ്‍ ആപ്പുകളുടെ ഭീഷണി തുടരുകയാണ്.

മരിച്ച നിജോയുടെ ഭാര്യ ശില്പയുടെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഇന്നു രാവിലെയും ഫോണുകളില്‍ എത്തിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി സന്ദേശം അയയ്ക്കുന്നതായി കുടുംബം ആരോപിച്ചു. ഓണ്‍ലൈന്‍ ചതിക്കുഴിയെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് നിജോയുടെ സഹോദരനും മാതാവും പറഞ്ഞു.

കൂട്ട ആത്മഹത്യയില്‍ ഓണ്‍ലൈന്‍ ആപ്പിനെതിരെ വരാപ്പുഴ പോലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ ഭീഷണി ഇപ്പോഴും തുടരുകയാണെന്ന് സഹോദരന്‍ ടിജോ പറഞ്ഞു.


എണാകുളം ജില്ലയിലെ കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടമക്കുടി മാടശ്ശേരി വീട്ടില്‍ നിജോ, ഭാര്യ ശില്‍പ, മക്കളായ ഏഴ് വയസുകാരന്‍ എബല്‍, അഞ്ച് വയസുകാരന്‍ ആരോണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് വീടിന് മുകളിലത്തെ മുറിയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസമാണ് ആത്മഹത്യയിലേക്ക് എത്തിയതെന്നായിരുന്നു വിവരം.

കടബാധ്യതയും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് ആത്മഹത്യക്ക് കാരണം എന്ന നിഗമനത്തിലായിരുന്നു പോലീസ്. അതിനിടെയാണ് മരിച്ച യുവതി ഓണ്‍ലൈന്‍ ആപ്പ് വഴി എടുത്ത വായ്പ തിരിച്ചടയ്ച്ചിട്ടില്ല എന്ന് ആരോപിച്ച് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ച വിവരം അറിയുന്നത്.

യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ലോണ്‍ അടക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന തരത്തില്‍ ഓഡിയോ സന്ദേശങ്ങളും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകളില്‍ എത്തി. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പുറമെ ചിത്രങ്ങള്‍ പ്രചരിച്ചതായി അറിഞ്ഞതോടും കൂടിയാണ് യുവതിയും ഭര്‍ത്താവും കടുംകൈക്ക് മുതിര്‍ന്നത്.

Exit mobile version