കൊച്ചി: സംസ്ഥാനത്ത് കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. നവസംരംഭകര്‍ക്കും ബിസിനസ് താൽപര്യമുള്ളവര്‍ക്കും ആശയങ്ങള്‍ അവതരിപ്പിക്കാനും അവ ബിസിനസ് സംരംഭങ്ങളാക്കി മാറ്റുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച ‘ഡ്രീംവെസ്റ്റര്‍’ മത്സര വിജയികളുടെ ഔദ്യോഗിക പ്രഖ്യാപനവും സമ്മാനദാനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂതന ബിസിനസ് ആശയങ്ങളെ പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന വാണിജ്യ വകുപ്പ് സംഘടിപ്പിച്ച ഡ്രീംവെസ്റ്റർ മത്സരത്തിൽ വിജയിയായി കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്വീൻസ് ഇൻസ്റ്റയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കൊച്ചി താജ് ഗേറ്റ് വേയിൽ നടന്ന ചടങ്ങിൽ മന്ത്രി പി. രാജീവാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്വീൻസ് ഇൻസ്റ്റ ഒരു മിനിറ്റ് കൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ഇൻസ്റ്റന്റ് ഓംലെറ്റ് എന്ന ആശയമാണ് ബിസിനസാക്കി മാറ്റിയത്. സ്ഥാപനത്തിന്റെ സാരഥിയായ പി അർജുൻ മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
റോബോട്ടിക്സ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ സ്റ്റെമ്പ്യു ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. പുതുതലമുറ റോബോട്ടുകൾ നിർമ്മിക്കുകയും വിദ്യാർത്ഥികൾക്ക് റോബോട്ടിക്സുമായി ബന്ധപ്പെട്ട ക്ലാസുകൾ നൽകുകയും ചെയ്യുന്ന സ്ഥാപനമാണിത്. സ്ഥാപന ഉടമയായ കെ.ജി ഹരീഷ് സമ്മാനം ഏറ്റുവാങ്ങി.
ഇ – ലേണിംഗ് പ്ലാറ്റ്ഫോമായ ടൂട്ടറിനാണ് ഡ്രീം വെസ്റ്ററിൽ മൂന്നാം സ്ഥാനം ലഭിച്ചത്. സ്ഥാപനത്തിന്റെ ചീഫ് ടെക്നിക്കിൽ ഓഫീസർ ശ്യാം പ്രദീപിന് മന്ത്രി പി രാജീവ് പുരസ്കാരം സമ്മാനിച്ചു. ഒന്നാം സമ്മാനത്തിന് അഞ്ച് ലക്ഷം രൂപയും രണ്ടും മൂന്നും സമ്മാനങ്ങള്‍ ലഭിച്ചവര്‍ക്ക് യഥാക്രമം മൂന്ന് ലക്ഷം രൂപയും രണ്ട് ലക്ഷം രൂപയും ക്യാഷ് അവാർഡ് വിതരണം ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ 2022-23 സംരംഭക വര്‍ഷമായി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സംരംഭകത്വ വികസന സംരംഭങ്ങളുടെ ഭാഗമായിട്ടായിരുന്നു ഡ്രീംവെസ്റ്റര്‍ മത്സരം സംഘടിപ്പിച്ചത്. 2022 നവംബര്‍ 22-ന് തിരുവനന്തപുരത്ത് മന്ത്രി പി. രാജീവായിരുന്നു മത്സരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. നാല് റൗണ്ടുകളിലായി നടത്തപ്പെട്ട മത്സരത്തിന്റെ ഫൈനല്‍ 2023 ജൂലൈ 14 ന് ആയിരുന്നു സംഘടിപ്പിച്ചത്.
നൂതന സംരംഭക ആശയങ്ങളും വ്യത്യസ്ത സംരംഭക സ്വപ്നങ്ങളുടെ അവതരണവും കൊണ്ട് ശ്രദ്ധേയമായിരുന്നു ഡ്രീംവെസ്റ്ററിന്റെ ഓരോ റൗണ്ടും. മികച്ച സംരംഭകാശയങ്ങളും അവ പ്രാവര്‍ത്തികമാക്കാനുള്ള ഇച്ഛാശക്തിയും കൈമുതലായ മികവുറ്റ മത്സരാര്‍ത്ഥികളായിരുന്നു ഫൈനലില്‍ ഏറ്റുമുട്ടിയത്. അഗ്രി &ഫുഡ് പ്രോസസ്സിംഗ്, ഇലക്ട്രോണിക്‌സ് &ഐ.ടി, ബിസിനസ് ഇന്നവേഷന്‍, ലൈഫ് സയന്‍സ് &ഹെല്‍ത്ത് കെയര്‍ എന്നീ വിഭാഗങ്ങളിലായി 19 പേരായിരുന്നു ഫൈനല്‍ റൗണ്ടിലെ മത്സരാര്‍ത്ഥികള്‍. വിവിധ വിഭാഗങ്ങളിലായി 816 എന്‍ട്രികളാണ് ഡ്രീംവെസ്റ്റര്‍ മത്സരാര്‍ത്ഥികളായി കടന്നു വന്നത്. അതില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച 19 ആശയങ്ങളാണ് ഫൈനല്‍ റൗണ്ടില്‍ ഏറ്റുമുട്ടിയത്.
പുരസ്‌കാര ദാന ചടങ്ങിൽ നാല് മുതല്‍ 10 വരെ സ്ഥാനങ്ങള്‍ നേടിയ സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും 11 മുതല്‍ 19 വരെ സ്ഥാനക്കാര്‍ക്ക് 25,000 രൂപ വീതവും സമ്മാനിച്ചു. എല്ലാ ഫൈനലിസ്റ്റുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും മെമന്റോകളും വിതരണം ചെയ്തിരുന്നു.
കോളേജ് കാമ്പസിനോട് ചേർന്ന് അഞ്ച് ഏക്കർ സ്ഥലം ഉണ്ടെങ്കിൽ ഇൻഡസ്ട്രിയൽ പാർക്ക് ആരംഭിക്കാനാകും. കുട്ടികൾക്ക് പഠനസമയം കഴിഞ്ഞാൽ ഇവിടെ ജോലി ചെയ്യാനാകും. അതുവഴി വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള അകലം കുറയ്ക്കാൻ കഴിയും. ഇതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചർച്ച പുരോഗമിക്കുകയാണ് എന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു.
എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങിൽ കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻ ബില്ല, എ.പി.എം മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ,
കേരള സ്റ്റേറ്റ് സ്‌മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. ജെ ജോസ്, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്‌ട്രി മുൻ ചെയർമാൻ ഡോ. ജീമോൻ കോര, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി (ഫിക്കി) കേരള ഹെൽത്ത് കമ്മിറ്റി ചെയർമാൻ ബിബു ബിബു പുന്നൂരാൻ, ടൈ (TiE)കേരള വൈസ് പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post