കുന്നംകുളം: അധ്യാപിക ചൂരല്‍കൊണ്ട് അടിച്ചതിന്റെ വിഷമത്തില്‍ വിദ്യാര്‍ഥിനികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതില്‍ അധ്യാപികയ്ക്കെതിരെ കേസ്. ചൊവ്വന്നൂരിലെ സ്കൂളിലാണ് സംഭവം. രണ്ട് വിദ്യാര്‍ഥിനികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടികളെ ഉപദ്രവിച്ചതിന് അധ്യാപികയുടെ പേരില്‍ പോലീസ് കേസെടുത്തു.
സ്കൂളിനു പുറത്തേക്ക് വെള്ളം കുടിക്കാന്‍ പോകുന്നത് അധ്യാപിക വിലക്കിയിരുന്നു. ഇത് അവഗണിച്ച് വെള്ളം കുടിക്കാനെന്ന് പറഞ്ഞ് പുറത്തുപോയതാണ് അടിക്കാന്‍ കാരണമായത്.
സ്കൂള്‍ വിട്ടതോടെ കുട്ടികള്‍ സമീപത്തെ കടയില്‍നിന്ന് എലിവിഷം വാങ്ങി വെള്ളത്തില്‍ കലക്കി കഴിക്കുകയായിരുന്നു. ഒരു കുട്ടി വിവരം വീട്ടില്‍ അറിയിച്ചപ്പോഴാണ് വീട്ടുകാരും അറിയുന്നത്. കുട്ടികള്‍ രണ്ടുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്.