കോഴിക്കോട്: ആധാരം എഴുത്തുകാരന്റെ കൈയ്യിൽ നിന്നും രജിസ്ട്രേഷന് വേണ്ടി അയ്യായിരം രൂപ കൈക്കൂലി വാങ്ങി പിടിയിലായി ശിക്ഷിക്കപ്പെട്ട ചേവായൂര്‍ മുന്‍ സബ് രജിസ്ട്രാറെ പിരിച്ചുവിട്ടു.കൊയിലാണ്ടി എടക്കുളം പികെ ബീനയെ ആണ് സെർവീസിൽ നിന്നും പിരിച്ചു വിട്ടത്.
2020-ൽ ഇവര്‍ കുറ്റക്കാരിയാണെന്ന് വിജിലന്‍സ് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ഏഴ് വര്‍ഷം കഠിന തടവും അഞ്ച് ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചിരുന്നു.
2014 ഫെബ്രുവരി 22 ന് ആയിരുന്നു പികെ ബീന പ്രതിയായ കേസിനാസ്പദമായ സംഭവം. ആധാരം എഴുത്തുകാരനായ ടി ഭാസ്‌കരൻ എന്നയാളിൽ നിന്നും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ 5000 രൂപ ബീന ആവശ്യപ്പെടുകയായിരുന്നു.
ഇല്ലെങ്കില്‍ ആധാരം റദ്ദ് ചെയ്യുമെന്ന് അന്നത്തെ സബ് രജിസ്ട്രാർ ആയിരുന്ന ബീന ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ പകുതി പണം ഇയാളിൽ നിന്നും വാങ്ങിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഇദ്ദേഹം വിജിലന്‍സില്‍ പരാതിപ്പെടുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം 2014 ഫെബ്രുവരി 22 ന് പ്രത്യേക നോട്ടുമായി എത്തി ബീനയ്ക്ക് പണം കൈമാറുന്നതിനിടെ ഓഫീസില്‍ വെച്ച് അന്നത്തെ വിജിലന്‍സ് ഡി.വൈ.എസ്.പി പ്രേമദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബാക്കി പണം ഇവരുടെ കൈയ്യിൽ നിന്നും കണ്ടെടുക്കുകയും ചെയ്തിരുന്നു.
Discussion about this post