ഔറംഗാബാദ്: ബീഹാറിലെ ഔറംഗബാദ് ജില്ലയിൽ ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ ബീഫ് സൂക്ഷിച്ചനിലയിൽ കണ്ടെത്തി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കലാപങ്ങൾ തടയാൻ പോലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്.
ശനിയാഴ്ച, ഹസ്പുരയിലെ ബാലാബിഗയിൽ സ്ഥിതി ചെയ്യുന്ന ഹനുമാൻ ക്ഷേത്രത്തിനുള്ളിലാണ് പശുവിറച്ചി സൂക്ഷിച്ചതായി പ്രദേശവാസികൾ കണ്ടെത്തിയത്. തുടർന്ന് പോലീസിനെയും ബന്ധപ്പെട്ട അധികാരികളെയും അറിയിക്കുകയായിരുന്നു.
ഉടനെ പോലീസ് സ്ഥലത്തെത്തി ക്ഷേത്രം വൃത്തിയാക്കി അണുവിമുക്തമാക്കി. പ്രദേശത്തെ സാമുദായിക സൗഹാർദം തകർക്കാൻ ചില സാമൂഹിക വിരുദ്ധർ ഗോമാംസം ക്ഷേത്രത്തിനുള്ളിൽ സൂക്ഷിച്ചതാണ് എന്നാണ് പോലീസിന്റെ നിഗമനം.
നാട്ടുകാരുമായി ചർച്ച നടത്തിയ പോലീസ് സമീപത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. സാമൂഹിക വിരുദ്ധരെ തിരിച്ചറിയാനും അവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം, പോലീസിന്റെ സമയോചിതമായ ഇടപെടൽ സമാധാനം പുനഃസ്ഥാപിക്കാൻ സഹായിച്ചെന്നാണ് റിപ്പോർട്ട്.
തുടർന്ന് മുൻകരുതൽ നടപടിയായി വർഗീയ കലാപങ്ങൾ ഉണ്ടാകാതിരിക്കാനാണ് പ്രദേശത്ത് പോലീസ് സേനയെ വിന്യസിച്ചിരിക്കുന്നത്.