കോഴിക്കോട്: പോലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാള്‍ അക്രമാസക്തനായതായി റിപ്പോര്‍ട്ട്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. അക്രമാസക്തനായ ആള്‍ ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകര്‍ത്തു. തുടര്‍ന്ന് കൈയ്യില്‍ ചില്ലുകഷണവുമായി അക്രമാസക്തനായി നിന്ന ഇയാളെ പോലീസുകാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് കീഴ്‌പ്പെടുത്തി.
ഇന്നലെ രാത്രിയോടെയാണ് സംഭവം. ജീന്‍സ് പാന്റും ടീഷര്‍ട്ടും ധരിച്ചെത്തിയ ഇയാള്‍ രാത്രി കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി വരികയായിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനിലെ ഗ്രില്‍സില്‍ ഇയാള്‍ തലയടിച്ചു പൊട്ടിച്ചിരുന്നു. തുടര്‍ന്ന് മുറിവ് ചികിത്സിക്കാനും പരിശോധനക്കുമായി പോലീസുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. മുറിവ് ഡ്രെസ് ചെയ്യുന്നതിനിടെ പ്രതി അക്രമാസക്തനാവുകയായിരുന്നു.
ഇയാളുടെ പ്രവൃത്തി കണ്ട് ആശുപത്രി ജീവനക്കാരും കണ്ട് നിന്നവരും പേടിച്ചുപോയി. തുടര്‍ന്ന് പോലീസുകാരും ആശുപത്രി സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ജീവന്‍ പണയംവെച്ച് പ്രതിയെ ബലമായി കീഴ്‌പ്പെടുത്തി. ഈ സമയത്ത് കൈയ്യിലൊരു ചില്ല് കഷണവുമായി ആരെയും ആക്രമിക്കുമെന്ന നിലയിലായിരുന്നു പ്രതി. ഇയാളെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും പരിക്കേറ്റു. പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ പോലീസുകാരന്റെ കൈയ്യിലെ മുറിവ് ആഴത്തിലുള്ളതാണ്. പ്രതി മാനസിക അസ്വാസ്ഥ്യം നേരിടുന്നയാളാണോ എന്ന് സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.
Discussion about this post