ആലുവ; നാലാം ക്ലാസ് വിദ്യാര്‍ഥി പി.എസ്. അമേയ മന്ത്രി പി രാജീവിന് എഴുതിയ കത്ത് ഫലംകണ്ടു. കടുങ്ങല്ലൂര്‍ ഗവ. എൽ പി സ്കൂളിന് 2 കോടി രൂപയുടെ പുതിയ കെട്ടിടം അനുവദിച്ചു. 9 ക്ലാസ് മുറികളുള്ള മൂന്നുനില കെട്ടിടമാണ് അമേയയുടെ കത്തിലൂടെ സ്കൂളിന് ലഭിക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് അമേയ സ്ഥലം എംഎല്‍എയായ മന്ത്രി പി. രാജീവിനു തന്റെ സ്‌കൂളിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കത്തെഴുതിയത്. കത്ത് കിട്ടിയ അദ്ദേഹം അതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. തുടർന്ന് തുക അനുവദിപ്പിക്കാന്‍ നടപടി എടുത്തു.
പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ഗവ. ഹൈസ്‌കൂളില്‍ ഇപ്പോൾ 5-ാം ക്ലാസ് വിദ്യാര്‍ഥിയായ അമേയ ക്ലാസില്‍ കത്തെഴുത്തു പരിശീലനത്തിന്റെ ഭാഗമായി തയാറാക്കിയ കത്താണ് പ്രധാന അധ്യാപിക പി.ബി. ലൈല മന്ത്രി പി രാജീവിന്റെ മുൻപാകെ എത്തിച്ചത്. കടുങ്ങല്ലൂരില്‍ ഒരു ചടങ്ങിന് എത്തിയപ്പോള്‍ കത്ത് അദ്ദേഹത്തിനു നേരിട്ടു നല്‍കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഏലൂരില്‍ നടന്ന വിദ്യാഭ്യാസ പുരസ്‌കാര വിതരണ ചടങ്ങില്‍ മന്ത്രി രാജീവ് തന്നെയാണ് അമേയയുടെ കത്തിന്റെ കഥ വെളിപ്പെടുത്തിയത്. കണിയാംകുന്ന് പുതുവല്‍പറമ്പില്‍ ഷിജുവിന്റെയും ഡിജിയുടെയും മകളാണ് അമേയ.
Discussion about this post