ഹരിയാന: സാധാരണയായി മക്കള്‍ക്കായി സമ്പാദിക്കുന്ന ഓട്ടത്തിലാണ് എല്ലാ മാതാപിതാക്കളും. എന്നാല്‍ ഹരിയാന സ്വദേശിയായ ധരംവീര്‍ പറയുന്നത് താന്‍ സാമ്പാദിച്ചതില്‍ നിന്നും ഒരു നാണയത്തുട്ട് പോലും മക്കള്‍ക്ക് കൊടുക്കില്ല എന്നാണ്.
തന്റെ സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് വിശ്രമ ജീവിതം ആഘോഷമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇദ്ദേഹം. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. തന്റെ സമ്പാദ്യങ്ങള്‍ ഒന്നും കുട്ടികളുടെ ഭാവിക്കായി നീക്കിവെക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ക്കു വേണ്ടത് അവര്‍ സ്വയം കണ്ടെത്തട്ടെ എന്നുമായിരുന്നു വീഡിയോയില്‍ അദ്ദേഹം പറയുന്നത്.
ഒപ്പം റിട്ടയര്‍മെന്റ് ലൈഫ് സ്വസ്ഥതയോടെയും സമാധാനത്തോടെയും ചെലവഴിക്കാനാണ് സമ്പാദ്യം ഉപയോഗിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ആഡംബര സിമ്മിങ് പൂളില്‍ സന്തോഷകരമായി സമയം ചെലവഴിച്ചു കൊണ്ടാണ് അദ്ദേഹം വീഡിയോയില്‍ എത്തിയത്.
സ്വന്തം തന്നെ എങ്ങനെ പോറ്റണമെന്ന് തന്റെ മക്കള്‍ പഠിക്കണമെന്നും, എന്തുകൊണ്ടാണ് അവര്‍ക്ക് സ്വന്തമായി സമ്പന്നരാകാന്‍ കഴിയാത്തതെന്നും അദ്ദേഹം വീഡിയോയില്‍ ചോദിക്കുന്നു. തന്റെ ജീവിതകാലം മുഴുവന്‍ താന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും ഇപ്പോള്‍ തന്റെ അധ്വാനത്തിന്റെ ഫലം ആസ്വദിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം പറയുന്നു. തന്റെ കുട്ടികളും സ്വയം പര്യാപ്തതയുടെ ആനന്ദം അനുഭവിക്കട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.
Discussion about this post