അഹമ്മദാബാദ്: മതസ്പര്‍ദ്ധ വളര്‍ത്തുന്ന തീവ്ര വിദ്വേഷ പരാമര്‍ശവുമായി വലതുപക്ഷ രാഷ്ട്രീയപ്രവര്‍ത്തക കാജല്‍ ഹിന്ദുസ്ഥാനി. ഗുജറാത്തിലെ ഉനയില്‍ രാമനവമി ആഘോഷങ്ങളുടെ മറവില്‍ ഇവര്‍ നടത്തിയ തീവ്ര വിദ്വേഷ പ്രസംഗം വിവാദമായിരിക്കുകയാണ്. ഹിന്ദു യുവാക്കളെ വിവാഹം കഴിച്ചാല്‍ മുസ്‌ലിം സ്ത്രീകള്‍ക്കുണ്ടാകുന്ന ‘നേട്ടങ്ങള്‍’ വിവരിച്ചാണ് കാജലിന്റെ വിവാദ പ്രസംഗം.
മുസ്ലിം സ്ത്രീകള്‍ ഹിന്ദു യുവാക്കളെ വിവാഹം കഴിക്കണമെന്ന പ്രസംഗഭാഗം സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ പ്രചരിക്കുന്നുണ്ട. ‘മുസ്ലിം സ്ത്രീകള്‍ ഹിന്ദു യുവാക്കളെ വിവാഹം കഴിക്കുമ്പോള്‍ ഏതെല്ലാം തരത്തിലുള്ള ഉപകാരമാണ് ഉണ്ടാകുന്നത്. പിന്നിലുള്ളവര്‍ ഇത് കേള്‍ക്കുന്നുണ്ടല്ലോ, അല്ലേ. വിവാഹത്തിന്റെ വാര്‍ത്ത നിങ്ങള്‍ കേട്ടിരിക്കും.
ഹിന്ദു യുവാക്കളെ വിവാഹം കഴിച്ചാല്‍ നിങ്ങള്‍ക്ക് സഹഭാര്യമാരുണ്ടാകില്ല. വീട്ടില്‍ അവര്‍ക്ക് സുരക്ഷയുണ്ടാകും. കുടുംബത്തിലെ മറ്റാരും അവരുടെ മേല്‍ കൈവയ്ക്കില്ല. 45 ഡിഗ്രി ചൂടില്‍ അവര്‍ക്ക് ബുര്‍ഖ ധരിക്കേണ്ടി വരില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകും. ആണ്‍കുട്ടികളെ പോലെ പെണ്‍കുട്ടികള്‍ക്കും സ്വത്തില്‍ അവകാശമുണ്ടാകും.
തലാഖ് ചൊല്ലി നിങ്ങളെ മൊഴി ചൊല്ലില്ല. ഏതെങ്കിലും മൗലാനയോ സഹോദരങ്ങളോ നിങ്ങളെ ഹലാലാക്കില്ല. നിങ്ങള്‍ക്ക് കുട്ടികളുണ്ടാകുമ്പോള്‍ അവരുടെ മേല്‍വിലാസമായി തീവ്രവാദി, ഭീകരവാദി എന്നൊന്നുമുണ്ടാകില്ല. സഹോദരങ്ങളേ നിങ്ങള്‍ തയ്യാറാണോ?’ – ആള്‍ക്കൂട്ടത്തോട് കാജല്‍ ചോദിക്കുന്നു.
കാജലിന്റെ വിദ്വേഷ പ്രസംഗത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു. കാജലിനെതിരെ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തു. ചടങ്ങിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തു. സ്ഥിതി ശാന്തമാക്കാന്‍ ഐജി മായങ്ക് സിന്‍ഹ് ചാവ്ദയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്തെത്തിയത്. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇരുസമുദായ നേതാക്കളെയും പോലീസ് വിളിച്ചുവരുത്തി സംസാരിച്ചു.
മുമ്പും സമാനമായ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വലതുപക്ഷ നേതാവാണ് കാജല്‍ ഹിന്ദുസ്ഥാനി എന്നറിയപ്പെടുന്ന കാജല്‍ ബെന്‍ ഷിന്‍ഗ്ല. ഒരു ബുള്‍ഡോസര്‍ കൊണ്ടുവന്ന് മോര്‍ബിയിലെ മസ്ജിദുകള്‍ ഇടിച്ചുനിരത്തുമെന്ന് ഈയിടെ അവര്‍ പ്രസംഗിച്ചിരുന്നു. ഇതിനെതിരെ മോര്‍ബി പോലീസില്‍ പരാതിയുമുണ്ടായിരുന്നു.
Discussion about this post