തിരുവനന്തപുരം: അധ്യായന വർഷം അവസാനിച്ചതോടെ സെന്റ് ഓഫിനിടെ വിദ്യാർത്ഥികൾ കാണിക്കാനിടയുള്ള കൈവിട്ട കളികൾ തടയാൻ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ. മധ്യ വേനൽ അവധിക്ക് സ്‌കൂളുകൾ അടയ്ക്കുന്ന അവസാന ദിവസങ്ങളിൽ സ്‌കൂളിലെ ഫർണിച്ചറുകൾക്കും മറ്റ് സാമഗ്രികൾക്കും കേടുവരുത്താനോ നശിപ്പിക്കാനോ വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നും നീക്കമുണ്ടായേക്കാം എന്നാണ് മുന്നറിയിപ്പ്.
അഥവാ ഇത്തരം നടപടികൾ കണ്ടാൽ നഷ്ടപരിഹാരം ഈടാക്കണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് വിശദമാക്കുന്നു. അതേസമയം, ഈ ഉത്തരവ് വിദ്യാർത്ഥികളെ സംബന്ധിച്ച് മുൻവിധികളോടെയുള്ളതാണെന്നാണ് വ്യാപക വിമർശനം.
എന്നാൽ, മുൻപും സെന്റ് ഓഫ് പരിപാടികൾ പലപ്പോഴും കുറുമ്പുകളിൽ നിന്നും കൈവിട്ട കളികളായി മാറുന്ന സംഭവങ്ങൾ ഉണ്ടായിട്ടുള്ളതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവെന്നാണ് വിലയിരുത്തൽ.
വിദ്യാർത്ഥികളുടെ ന്യൂജനറേഷൻ രീതിയിലെ ആഘോഷങ്ങൾ പലപ്പോഴും അധ്യാപകർക്കും തലവേദന ആകാറുണ്ട്. ചില സെന്റ് ഓഫ് ആഘോഷങ്ങൾ അധ്യാപകർക്ക് നേരെ തിരിയുന്ന കാഴ്ചകളും സംസ്ഥാനത്ത് ഉണ്ടായിരുന്നു.