കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് ശസ്ത്രക്രിയ കഴിഞ്ഞ യുവതി പീഡിപ്പിക്കപ്പെട്ട സംഭവം കേരളക്കരയെ ഒന്നടങ്കം നടുക്കിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടെന്ന് തുറന്ന് പറഞ്ഞ് യുവതിയുടെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്.
ഔദ്യോഗിക വേഷത്തിലെത്തി ആശുപത്രി ജീവനക്കാരില്‍ ചിലര്‍ മോശമായി സംസാരിച്ചെന്നും, പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെന്നും യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. തന്നെ ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി യുവതി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്.
ആരുമില്ലാത്ത സമയത്താണ് എത്തിയതെന്നും ഇരയോടാണ് മോശമായി സംസാരിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. പണം വാഗ്ദാനം ചെയ്തുവെന്നും ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചുവെന്നും ബന്ധുക്കള്‍ പറഞ്ഞു. കണ്ടാലറിയാവുന്ന ആശുപത്രി സ്റ്റാഫുകളാണ് സംസാരിച്ചതെന്നും ഇവര്‍ വ്യക്തമാക്കി.
also read: ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍, വെന്റിലേറ്ററില്‍ തുടരുന്നു
എന്നാല്‍ സംഭവത്തില്‍ യുവതിയുടെ പരാതി ലഭിച്ചുവെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് സ്ഥിരീകരിച്ചു. സംഭവത്തില്‍ ജീവനക്കാരില്‍ നിന്നും വിശദീകരണം തേടുമെന്നും പരാതി പൊലീസിന് കൈമാറുമെന്നും നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് ഉറപ്പ് നല്‍കിയതായും ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ആശുപത്രിയിലെ അറ്റന്‍ഡറാണ് യുവതിയെ പീഡിപ്പിച്ചത്. തൈറോയിഡ് ശസ്ത്രക്രിയക്ക് ഐ.സി.യുവില്‍ പ്രവേശിപ്പിച്ച യുവതിക്കൊപ്പം അറ്റന്റര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അനസ്തേഷ്യ കൊടുത്തത്തിനാല്‍ യുവതി അര്‍ധ അബോധാവസ്ഥയിലായിരുന്നു. ശരീരത്തില്‍ സ്പര്‍ശിച്ച് ലൈംഗിക പീഡനത്തിനിരയാക്കുന്നതായി തിരിച്ചറിഞ്ഞുവെങ്കിലും യുവതിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post