പഴകിയ ചിക്കന്‍ ഫ്രൈ പിടിച്ചെടുത്തു; വൃത്തിഹീനവും ദുര്‍ഗന്ധവും, മാനന്തവാടിയില്‍ തട്ടുകട പൂട്ടിച്ചു

വള്ളിയൂര്‍ക്കാവ് ഉത്സവത്തിന്റെ മുന്നോടിയായി മാനന്തവാടി മേഖലയിലെ ഹോട്ടലുകളിലും ചെറുകിട ഭക്ഷണശാലകളിലും തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള ആരോഗ്യസ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരുന്നു പരിശോധന

മാനന്തവാടി: പഴകിയ ആഹാര സാധനങ്ങള്‍ പിടികൂടിയതിനെ തുടര്‍ന്ന് തലപ്പുഴ ടൗണില്‍ വൃത്തിഹീനവും ദുര്‍ഗന്ധം വമിക്കുന്നതുമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന തട്ടുകട പൂട്ടിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയ ശേഷം കട പൂട്ടിയിടാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

വള്ളിയൂര്‍ക്കാവ് ഉത്സവത്തിന്റെ മുന്നോടിയായി മാനന്തവാടി മേഖലയിലെ ഹോട്ടലുകളിലും ചെറുകിട ഭക്ഷണശാലകളിലും തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള ആരോഗ്യസ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള പെരിയ സാമൂഹികരോഗ്യ കേന്ദ്രവും വാളാട് പ്രാഥമികരോഗ്യ കേന്ദ്രവും സംയുക്തമായിട്ടായിരുന്നു പരിശോധന നടത്തിയത്.

ചിക്കന്‍ കറി, ചിക്കന്‍ ഫ്രൈ തുടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങളാണ് പിടിച്ചെടുത്തിട്ടുള്ളത്. തീര്‍ത്തും വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു തട്ടുകട പ്രവര്‍ത്തിച്ചുവന്നിരുന്നത്. തലപ്പുഴ ടൗണില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ഭക്ഷണ ശാലകളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ചില സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കി.

പൊരുന്നന്നൂര്‍ ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാധാകൃഷ്ണന്‍, വാളാട്, പേരിയ പി.എച്ച്.എസികളിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷാനോ സദാനന്ദന്‍, രജുല തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും കര്‍ശനമായ പരിശോധന ഭക്ഷണശാലകളില്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version