മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ 20കാരിക്ക് അരലക്ഷം പിഴയും തടവും വിധിച്ച് കോടതി. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി മുസ്ലിയാരകത്ത് മുജീബ് റഹ്‌മാന്റെ മകള്‍ ലിയാന മഖ്ദൂമ (20)ക്കാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് 25,250 രൂപ പിഴയും കോടതി പിരിയും വരെ തടവും വിധിച്ചത്.
2022 നവംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി എസ്‌ഐ ഖമറുസ്സമാനും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെയാണ് വിദ്യാര്‍ഥി അശ്രദ്ധമായി സ്‌കൂട്ടറോടിച്ച് വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ലൈസന്‍സ് ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്ന് മറുപടി. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് രക്ഷിതാവുമായി സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തിയ കുട്ടിയുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ചപ്പോള്‍ ജനനതീയതി 2005 ആഗസ്റ്റ് 11. കേസ് പരിഗണിച്ച മഞ്ചേരി ജെ എഫ് സി എം കോടതി ഡിസംബര്‍ ഏഴിന് ലിയാനക്ക് ജാമ്യം നല്‍കി. 50,000 ബോണ്ടിന്മേലുള്ള രണ്ടാള്‍ ജാമ്യമടക്കമുള്ള ഉപാധികളിലായിരുന്നു ജാമ്യം.
മജിസ്‌ട്രേറ്റ് എം നീതു കേസ് സിജെഎം കോടതിയിലേക്ക് വിട്ടു. ഇന്നലെ കേസ് പരിഗണിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എഎം അഷ്‌റഫാണ് ശിക്ഷ വിധിച്ചത്. ഏതായാലും ഒരു ആഴ്ചത്തെ തടവ് ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ ഇന്നലെ തന്നെ പിഴ സംഖ്യ ഒടുക്കിയെങ്കിലും വൈകിട്ട് അഞ്ചുമണി വരെ കോടതി വരാന്തയില്‍ ഇരിക്കേണ്ടിവന്നു.