മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിന്നാലെ ചെന്ന് കൂടെ വരാന്‍ ആവശ്യപ്പെട്ട 32 കാരന് ഒരു വര്‍ഷം തടവിന് ശിക്ഷിച്ച് മുംബൈ ദിന്‍ദോഷിയിലെ സെഷന്‍സ് കോടതി. എട്ട് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്‌കൂളില്‍ നിന്നും എത്തിയ ശേഷം മകള്‍ ട്യൂഷന്‍ ക്ലാസിന് പോകാറുണ്ടായിരുന്നു. 2015 സെപ്തംബര്‍ ഒന്നിന് ഉച്ചയ്ക്ക് 1.50 ഓടെ ട്യൂഷന്‍ ക്ലാസിലേക്ക് സൈക്കിളില്‍ പോയ പെണ്‍കുട്ടിയുട പിന്നാലെ എത്തിയ പ്രതി ‘ആജാ, ആജാ’ (വരൂ, വരൂ) എന്ന് വിളിച്ചു.
ഭയന്ന് പോയ മകള്‍ സഹായത്തിനായി നിലവിളിച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. സെപ്തംബര്‍ മൂന്നാം തിയതിയും പ്രതി ഇത് ആവര്‍ത്തിച്ചു. കൂടാതെ ഇയാള്‍ കുട്ടിയുടെ വീടിന് സമീപത്ത് എത്തുകയും പെണ്‍കുട്ടിയെ നിരീക്ഷിക്കുകയും ചെയ്തു. പ്രതിയെ കണ്ട പെണ്‍കുട്ടി സംഭവം അച്ഛനെയും അമ്മയെയും അറിയിച്ചു. ഇരുവരും ഏറെ അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താന്‍ ആയില്ല.
തുടര്‍ന്ന് സെപ്തംബര്‍ ആറാം തിയതിയും ഇയാള്‍ പെണ്‍കുട്ടിയെ കാണാന്‍ എത്തി. ഇതോടെയാണ് പെണ്‍കുട്ടിയുടെ അമ്മ പ്രതിക്കെതിരെ കേസ് കൊടുത്തത്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വ്യാജമാണെന്ന് പ്രതി കോടതിയില്‍ പറഞ്ഞു.
താത്പര്യമില്ലെന്ന് പറഞ്ഞിട്ടും പെണ്‍കുട്ടിയുടെ പിന്നാലെ ചെന്ന് നിരവധി തവണ കൂടെ വരാന്‍ പ്രതി ആവശ്യപ്പെട്ടുവെന്ന കുറ്റം പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞെന്ന് ജഡ്ജി എ സെഡ് ഖാന്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് പ്രതിക്ക് ഒരു വര്‍ഷത്തെ തടവിന് വിധിക്കുകയായിരുന്നു. മാത്രമല്ല, ഇത് ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതിക്ക് ഭാര്യയും മൂന്ന് വയസുള്ള മകളും ഉണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല. കുട്ടിയുടെ ഭാഗത്ത് നിന്നും പ്രതിക്കനുകൂലമായ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും കോടതി എടുത്ത് പറഞ്ഞു. എന്നാല്‍, കോടതി ഒരു വര്‍ഷം തടവിന് വിധിക്കുന്നതിന് മുമ്പ് തന്നെ പ്രതി 2016 ല്‍ ഒരു വര്‍ഷത്തോളം ജയിലില്‍ കിടന്നിരുന്നു. 2015 ല്‍ 15 വയസുള്ള പെണ്‍കുട്ടിയുടെ അമ്മ പരാതിയുമായി കോടതിയെ സമീപിച്ച കേസില്‍ ഇപ്പോഴാണ് വിധി വരുന്നത്.
Discussion about this post