തിരുവനന്തപുരം: നടന്ന് ജോലിക്ക് പോകുന്നവഴി ബൈക്കിലെത്തിയ രണ്ട്പേര്‍ താലിമാല പൊട്ടിച്ചു. പക്ഷെ, പതറാതെ ചെറുത്ത് നിന്ന് പാതി മാല തിരിച്ച് പിടിച്ച് 62കാരിയുടെ ധീരത. ബുധനാഴ്ച രാവിലെ 7.45ന് വിളപ്പില്‍ശാല പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുണ്ടാമൂഴി പാലത്തിനു സമീപമായിരുന്നു സംഭവം. വിളപ്പില്‍ശാല ദേവി നഗര്‍ സ്വദേശിനി ശ്രീകുമാരിയുടെ മൂന്ന് പവന്‍ വരുന്ന സ്വര്‍ണ്ണ മാലയാണ് മോഷ്ടാക്കള്‍ പൊട്ടിച്ചെടുത്തത്.
കാല്‍നടയായി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന ശ്രീകുമാരിയെ രണ്ടംഗസംഘം ആക്രമിച്ചാണ് സ്വര്‍ണ്ണമാല കവര്‍ന്നത്. പിടിവലിക്കിടെ ബാഗുമായി നിലത്ത് വീണെങ്കിലും മാലയിലെ പിടിവിടാന്‍ അവര്‍ തയ്യാറായില്ല. ഇവര്‍ ശക്തിയായി ചെറുത്ത് നിന്നതോടെ മാലയുടെ ഒരു ഭാഗവുമായി മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു.
ഒരു പവനോളമുള്ള ഭാഗം മാത്രമാണ് തിരികെ ലഭിച്ചത്, താലി അടങ്ങുന്ന ഭാഗം കള്ളന്മാര്‍ കൊണ്ടുപോയെന്ന വിഷമത്തിലാണ് ശ്രീകുമാരി. പാലത്തിന് സമീപത്ത് കൂടി നടന്നുപോകുന്ന സമയം ഹെല്‍മറ്റ് ധാരിച്ച് ബൈക്കില്‍ എത്തിയ രണ്ടംഗസംഘം മാല പിടിച്ച് പറിക്കുകയായിരുന്നു.
മോഷ്ടാക്കളുമായി ഉണ്ടായ പിടിവലിക്കിടെ റോഡിലേക്ക് വീണു പോയ ശ്രീകുമാരിക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. വീഴ്ചയിലും പിടിവലിയിലും ഇവരുടെ കമ്മലിന് കേടുപറ്റിയിട്ടുണ്ട്. ശ്രീകുമാരി ബഹളം വച്ച് ആളുകള്‍ സ്ഥലത്തേക്ക് എത്തിയതോടെയാണ് യുവാക്കള്‍ കടന്നുകളഞ്ഞത്. ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ സമീപത്ത് ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിളപ്പില്‍ശാല പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന ആളുകളാണ് മോഷ്ടാക്കളെന്നാണ് സൂചന. വഴുതക്കാടുള്ള ഒരു ഡെന്റല്‍ ക്ലിനിക്കിലെ സ്റ്റാഫ് ആണ് ശ്രീകുമാരി.
Discussion about this post