വിസിറ്റിങ് വിസയില്‍ ദുബായിലെത്തി ഭിക്ഷാടനം നടത്തി ജീവിച്ച യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റുചെയ്തു. മൂന്ന് മാസത്തെ തടവിന് ശേഷം പ്രതികളെ നാടുകടത്താന്‍ കോടതി ഉത്തരവിട്ടു. പിടിയിലായവര്‍ ഏഷ്യക്കാരാണ്.
രാത്രി പട്രോളിങിനെത്തിയ പോലീസുകാരാണ് മെട്രോ സ്റ്റേഷന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ സ്ത്രീയെയും പുരുഷനെയും കണ്ടെത്തിയത്. ദുബായിലെ നായിഫ് ഏരിയയില്‍ മെട്രോ യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഇവര്‍ ഭിക്ഷാടനം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
പിടിയിലായവരില്‍ ഒരാളുടെ കൈവശം 191 ദിര്‍ഹവും മറ്റേയാളുടെ കൈവശം 161 ദിര്‍ഹവും പോലീസ് കണ്ടെത്തി. വളരെ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ടാണ് ഇത്രയധികം തുക ഇരുവരും സമാഹരിച്ചതെന്ന് ദുബായ് പോലീസ് പറഞ്ഞു. ഭിക്ഷാടനം നടത്തി കിട്ടുന്ന പണം കൊണ്ട് നാട്ടിലെത്തി ബിസിനസ് ചെയ്ത് ജീവിക്കാനായിരുന്നു ഇരുവരുടെയും പദ്ധതി.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും വിസിറ്റിങ് വിസയില്‍ എത്തിയതാണെന്ന് വ്യക്തമായി. നാട്ടുകാരനായ ഒരാളുടെ സഹായത്തോടെയാണ് ദുബായിലേക്കുള്ള വിസ ലഭിച്ചതെന്നും ഇവിടെയെത്തിയപ്പോള്‍, ഭിക്ഷാടനം നടത്തി ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും സ്ത്രീയും പുരുഷനും ദുബായ് പൊലീസിനോട് പറഞ്ഞു.