വൈക്കത്ത് വേമ്പനാട്ട് കായല്‍ നീന്തി കീഴടക്കി നാട്ടുകാരെ അമ്പരപ്പിച്ച് ഒന്നാം ക്ലാസുകാരി. വാരപ്പെട്ടി സ്വദേശികളായ പ്രവീണ്‍-ചിഞ്ചു ദമ്പതികളുടെ മകള്‍ ഗായത്രി പ്രവീണ്‍ ആണ് കായല്‍ നീന്തി കീഴടക്കി നാട്ടുകാര്‍ക്ക് വിസ്മയമായി മാറിയത്.
പുതുപ്പാടി കനേഡിയന്‍ സെന്‍ട്രല്‍ സ്‌ക്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗായത്രി തവണക്കടവില്‍ നിന്നും വൈക്കം കായലോര ബീച്ചിലേക്കാണ് നീന്തിക്കയറിയത്. ആറ് വയസുകാരിയായ ഈ കൊച്ചുമിടുക്കി നീന്തല്‍ പരിശീലകന്‍ ബിജു തങ്കപ്പന്റെ ശിക്ഷണത്തില്‍ ഒരു വര്‍ഷമായി നീന്തല്‍ പരിശീലനം നടത്തുന്നു.
കായല്‍ നീന്തിക്കടക്കുകയെന്ന പ്രത്യേക ദൗത്യത്തോടെ 6 മാസമായി നീന്തല്‍ പരിശീലിക്കുന്നു. മൂന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കായല്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍ കൊണ്ടാണ് ഗായത്രി നീന്തി കയറിയത്. മകളെ കുറിച്ചോര്‍ത്ത് ഒരുപാട് അഭിമാനം തോന്നുന്നുവെന്ന് അമ്മ ചിഞ്ചു പ്രതികരിച്ചു. വൈക്കം നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം, ചലചിത്രതാരം ചെമ്പില്‍ അശോകന്‍, ജനപ്രതിനിധികള്‍ തുടങ്ങി നിരവധിപേര്‍ ഗായത്രിയെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.